ഹരിപ്പാട് : ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ ഒന്നര പവന്റെ മാല കവർന്നു. നങ്ങ്യാർകുളങ്ങര ചേപ്പാട് ലക്ഷ്മണ ഭവനത്തിൽ സുഹേഷിനിയുടെ (65) മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ നങ്ങ്യാർകുളങ്ങര അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വരികയായിരുന്ന സുഹേഷിനിയെ കണ്ട് റോഡരികിൽ ഫോൺ വിളിച്ചുകൊണ്ടുനിന്ന യുവാവ് അടുത്തെത്തി ഒരാളുടെ മേൽവിലാസം അന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞു മുന്നോട്ട് നടന്ന സുഹേഷിനിയെ പിന്നാലെ എത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിച്ച് ഒടിയയാൾ തൊട്ടപ്പുറത്തുണ്ടായിരുന്നയാളുടെ ബൈക്കിൽ കയറി നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോയി. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്ന് സുഹാഷിനി മൊഴി നൽകി. കരിയിലകുളങ്ങര പൊലീസ് കേസെടുത്തു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.