അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വികസന സൊസൈറ്റി യോഗം ഇന്ന് നടക്കും. രാവിലെ 11ന് ആശുപത്രി ജെ.ടു ബ്ലോക്കിന്റെ മൂന്നാം നിലയിലെ കോൺഫറൻസ് ഹാളിൽ കളക്ടർ ജോൺ വി.സാമുവലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. 2023 മുതൽ യോഗങ്ങളൊന്നും ചേർന്നിരുന്നില്ല.
ഇതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.
സി.ടി.സ്കാനിംഗ് യന്ത്രം അടിക്കടി തകരാറിലാകുന്നതും ചികിത്സ വൈകുന്നതും പതിവാണ്.
ഒരു സി.ടി സ്കാൻ യന്ത്രം കൂടി വേണമെന്ന ആവശ്യവും ശക്തമാണ്. മെഡിക്കൽ ഐ.സി.യു അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് 4 മാസമായി. പകരം സംവിധാനം ഒരുക്കിയെങ്കിലും ഫലവത്തായില്ല. മരുന്നുകൾ ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. ഡോക്ടർമാരുടേയും ജീവനക്കാരുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷം ചേരുന്ന യോഗത്തിൽ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നാണ് രോഗികളും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.