#കടത്തിൽ നിന്ന് മുക്തമായി

പ്രസാദിന്റെ കുടുംബം

ആലപ്പുഴ : തകഴിയിൽ ആത്മഹത്യചെയ്ത കർ‌ഷകൻ പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതിവികസന കോർപ്പറേഷനിൽ നിന്നെടുത്ത സ്വയംതൊഴിൽ വായ്പ എഴുതിത്തള്ളുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

മൈക്രോഫിനാൻസ് സംഘങ്ങളിലുള്ളത് ഉൾപ്പെടെ കുടുംബത്തിന്റെ വായ്പകൾ തിരിച്ചടയ്ക്കാൻ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി 3.70 ലക്ഷം രൂപ ഓമനയുടെ അക്കൗണ്ടിലേക്ക് കൈമാറി. പ്രസാദിന്റെ കുടുംബത്തിന് കടക്കെണിയിൽ നിന്ന് മോചനമായി.

വായ്പയുടെ കുടിശിക അടച്ചില്ലെങ്കിൽ വീടും അഞ്ചുസെന്റ് വസ്തുവും ജപ്തി ചെയ്യുമെന്ന് കോർപറേഷൻ നോട്ടീസ് അയക്കുകയും കേരളകൗമുദി വാർത്തയെത്തുടർന്ന് മന്ത്രി ഇടപെട്ട് നടപടി മരവിപ്പിച്ചിരുന്നു.ഇതിനിടെയാണ് സുരേഷ് ഗോപി പണം നൽകാൻ തയ്യാറായത്.

സുരേഷ് ഗോപി നൽകിയ പണവുമായി വായ്പ തിരിച്ചടയ്ക്കാൻ ഇന്നലെ ബി.ജെ.പി നേതാക്കൾക്കൊപ്പം ഓമനയും മക്കളും ആലപ്പുഴ ജില്ലാ പട്ടികജാതി വികസന കോർപ്പറേഷൻ ഓഫീസിലെത്തിയെങ്കിലും അധികൃതർ സ്വീകരിച്ചില്ല. കടമെഴുതി തള്ളണമെന്ന ഓമനയുടെ അപേക്ഷപ്രകാരം കോർപ്പറേഷൻ ഹെഡ് ഓഫീസിൽ നിന്ന് തിരിച്ചടവ് വിലക്കി ഉത്തരവ് വന്നതിനാൽ പണം സ്വീകരിക്കാൻ കഴിയില്ലെന്ന് ഓഫീസ് സൂപ്രണ്ട് അറിയിച്ചു.ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ ജില്ലാ മാനേജരുമായി സംസാരിച്ചെങ്കിലും പണം സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു നിലപാട്. പണം കൈപ്പറ്റി വായ്പാ ബാദ്ധ്യത തീർക്കണമെന്ന് ആവശ്യപ്പെട്ട്

ഓമനയും മക്കളായ അഥീനയും അദീനിക് പ്രസാദും ബി.ജെ.പി, കിസാൻ സംഘ് പ്രവർത്തകർക്കൊപ്പം കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ട സമരത്തിനിടെ സുരേഷ് ഗോപി മന്ത്രി കെ.രാധാകൃഷ്ണനുമായി ബന്ധപ്പെട്ടപ്പോഴാണ് വായ്പ എഴുതിത്തള്ളുമെന്ന് അറിയിച്ചത്. ഇക്കാര്യം ബി.ജെ.പി നേതാക്കളെ സുരേഷ്ഗോപി ഫോണിലൂടെ അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.

ഭൂമി വീണ്ടെടുക്കണം,

മകനെ പഠിപ്പിക്കണം

പാട്ടത്തിന് കൊടുത്ത മുന്നൂറാംപാടത്തെ ഒന്നര ഏക്ക‌ർ സ്ഥലം വീണ്ടെടുത്ത് കൃഷി ചെയ്യണമെന്നാണ് ഓമനയുടെ ആഗ്രഹം. മകനെ പഠിപ്പിച്ച് നല്ലനിലയിലാക്കണം.

പ്രസാദിന്റെ പേരിലുണ്ടായിരുന്ന നിലം കൃഷിയെതുടർന്നുണ്ടായ കടത്തിൽ ജപ്തി ചെയ്യുന്നതൊഴിവാക്കുന്നതിനായിരുന്നു വീട് പണയപ്പെടുത്തി മറ്രൊരു വായ്പയെടുത്തത്. കടം പെരുകി നാലുലക്ഷത്തോളം എത്തുകയും ചെയ്തു. കടംവീട്ടാൻ അവസരമൊരുക്കിയ കേരളകൗമുദിയ്ക്കും സഹായിച്ച സുരേഷ് ഗോപിയ്ക്കും മന്ത്രി കെ.രാധാകൃഷ്ണനും ഓമന നന്ദി പറഞ്ഞു.