ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ 2024-25 ബഡ്ജറ്റിൽ വേതന പാക്കേജ് വർദ്ധനവ് പരിഗണിക്കണമെന്ന ആവശ്യവുമായി റേഷൻ വ്യാപാരികൾ രംഗത്ത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് വ്യാപാരികളുടെ ദീർഘകാല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട വേതനപാക്കേജ് അനുവദിച്ചത്. 44 ക്വിന്റൽ റേഷൻ വിൽക്കുന്ന വ്യാപാരിക്ക് മാസം 18,000 രൂപ എന്നതാണ് 2018ൽ അംഗീകരിക്കപ്പെട്ട പാക്കേജ്.

ലഭിക്കുന്ന വേതനത്തിൽ നിന്ന് ജീവനക്കാരന്റെ ശമ്പളം, കടമുറി വാടക, വൈദ്യുതി ബില്ല് എന്നിവ കണ്ടെത്താൻ പെടാപ്പാട് അനുഭവിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

ഒരുവർഷത്തിന് ശേഷം ആവശ്യമായ ഭേദഗതി വരുത്തുമെന്ന് 2018ൽ വേതന പാക്കേജ് പാസാക്കിയപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ പ്രളയം, കൊവിഡ് അടക്കം ദുരന്തങ്ങൾ എത്തിയതോടെ വ്യാപാരികളുടെ വേതന പരിഷ്കരണം അവഗണിക്കപ്പെട്ടു. കാലോചിതമായ വേതനപരിഷ്ക്കണം വേണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ്

 44 ക്വിന്റൽ റേഷൻ വിൽക്കുന്നവർക്ക് മാസം 18,000 രൂപ

(8500 രൂപ സപ്പോർട്ടിങ്ങ് പേയ്മെന്റും ഓരോ ക്വിന്റലിന് 220 രൂപയും)

വാതിൽപ്പടി വിതരണം ഇന്ന് മുതൽ മുടങ്ങും
റേഷൻ കടകളിൽ സ്റ്റോക്കെത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർ ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങും. ഭക്ഷ്യധാന്യം വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കുടിശ്ശിക സപ്ലൈകോ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം

എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ലൈകോയുടെ സംഭരണശാലയിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കുമുള്ള സ്റ്റോക്ക് വിതരണം തടസ്സപ്പെടും. അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലെ വാതിൽപ്പടി വിതരണക്കാർ സമരത്തിൽ നിന്ന് വിട്ടുനിൽക്കും.

രണ്ട് മാസത്തെ തുക കുടിശിക

 രണ്ട് മാസത്തെ കരാർ തുകയാണ് വാതിൽപ്പടി വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്

 ഓരോ കരാറുകാരനും മുപ്പത് ലക്ഷത്തിലധികം രൂപ മാസംതോറും കിട്ടാനുണ്ടാകും

 തൊഴിലാളികൾക്കുള്ള വേതനവും ക്ഷേമനിധി വിഹിതവും കരാറുകാർ നൽകേണ്ടതുണ്ട്

 എല്ലാ മാസവും 3ാം തിയതിക്ക് മുമ്പ് ക്ഷേമനിധി വിഹിതം അടയ്ക്കണമെന്നാണ് നിബന്ധന

ഒരു ക്വിന്റൽ റേഷൻ സാധനങ്ങളുടെ വാതിൽപ്പടി വിതരണത്തിന് കരാറുകാരന് ലഭിക്കുന്ന തുക: 32.50 രൂപ

സംസ്ഥാനത്ത് കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക: 100 കോടി രൂപ

റേഷൻ വ്യാപാരികളു‌ടെ വേതന പാക്കേജിൽ കാലോചിതമായ പരിഷ്ക്കരണമാണ് ആവശ്യപ്പെടുന്നത്. കിട്ടുന്ന ചെറിയ തുകയിൽ നിന്ന് ജീവനക്കാരന്റെ ശമ്പളമടക്കം എല്ലാ ചെലവുകളും കണ്ടെത്താനാവുന്നില്ല

-എൻ.ഷിജീർ, ഓർഗനൈസിങ്ങ് സെക്രട്ടറി, കെ.എസ്.ആർ.ആർ.ഡി.എ

മന്ത്രിയെയും സി.എം.ഡിയെയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണ് വാതിൽപ്പടി വിതരണക്കാർ സമരരംഗത്തേക്കിറങ്ങുന്നത്

-തമ്പി മേട്ടുതറ, പ്രസിഡന്റ്, എൻ.എഫ്.എസ്.എ ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ