
തുറവൂർ :നിർദ്ദിഷ്ട തുറവൂർ - പമ്പാ പാതയിൽ തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറെക്കരയിലുള്ള, വിനോദ സഞ്ചാര വകുപ്പിന്റെ തുറവൂർ വേ സൈഡ് അമിനിറ്റി സെന്റർ കൃത്യമായ പരിപാലനമില്ലാതെ നശിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും കാട് കയറിയും കിടക്കുകയാണ് ഇവിടം.
വെള്ളമില്ലാതെ പുൽത്തകിടികൾ വേനലിൽ കരിഞ്ഞുണങ്ങുന്നു. കെട്ടിടത്തിലെ ടോയ്‌ലറ്റ് താഴും ചങ്ങലയുമിട്ട് പൂട്ടിയിട്ടിരിക്കുകയാണ്. സെന്ററിലെത്തുന്ന സന്ദർശർക്കും പാതയിലൂടെ സഞ്ചരിക്കുന്ന ശബരിമല തീർത്ഥാടകർക്കും സ്ത്രീകളുമടക്കമുള്ള മറ്റ് യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന ടോയ്‌ലറ്റാണ് നടത്തിപ്പിന് ആളില്ലാതെ അടച്ചിട്ടിരിക്കുന്നത്. നല്ലൊരു മഴ പെയ്താൽ പാർക്കിന്റെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് വെള്ളക്കെട്ടിലാകും. സെന്ററിന്റെ ചില ഭാഗങ്ങൾ അനധികൃത കച്ചവടക്കാർ കയ്യേറി.
തൈക്കാട്ടുശേരി പാലത്തിൽ വഴി വിളക്കുകൾ ഭൂരിഭാഗവും കണ്ണടച്ചതിനാൽ രാത്രികാലങ്ങളിൽ സന്ദർശകർക്ക് ദുരിതമാണ്. സന്ധ്യ മയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമേറെ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് അമിനിറ്റി സെന്ററിന്റെ പരിപാലന ചുമതല. സംസ്ഥാനത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്വ ത്തോടെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് തുറവൂർ - തൈക്കാട്ടുശേരി റോഡിന്റെ ഇരുവശങ്ങളിലുമായി 2.49 കോടി രൂപ ചെലവിട്ട് തുറവൂർ വേ സൈഡ് അമിനിറ്റി സെന്റർ നിർമ്മിച്ചത്.
തുറന്നത് 2022ൽ
2022 ഒക്ടോബർ 6 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആയിരുന്നു അമിനിറ്റി ഉദ്ഘാടനം ചെയ്തത്. സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പിനിയ്ക്കായിരുന്നു നിർമ്മാണ ചുമതല. ചൈനീസ് മാതൃകയിലുള്ള ശില്പങ്ങളും ഇരിപ്പിടങ്ങളും വൈദ്യുത അലങ്കാരങ്ങളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും നടപ്പാതകളും പാർക്കിംഗ് ഏരിയയും ശുചിമുറി സൗകര്യങ്ങളുമാണ് ഒരുക്കിയിരുന്നത്. ഒഴിവുദിനങ്ങളിലടക്കം രാവിലെയും വൈകിട്ടും ഉല്ലസിക്കാനും കായലോരത്ത് വിശ്രമിക്കാനുമായി കുടുംബവുമൊത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം പേർ ഇവിടെയെത്താറുണ്ട്. ഈ ഭാഗത്ത് സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃത കച്ചവട കേന്ദ്രങ്ങളും ഉയർന്നു വരുന്നുണ്ട്. ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. ഭക്ഷണാവിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും പാർക്കിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു.