
ചേർത്തല : അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മതവിദ്വേഷം കാണുന്നത് എന്തിനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം പണിയുകയെന്നത് ഹിന്ദുക്കളുടെ വികാരമാണ്. ആരെതിർത്താലും ഹിന്ദുക്കളിൽ ആ വികാരമുണ്ട്. അതിനെതിരായി ആരും നിൽക്കുന്നതും ശരിയല്ല. ആ വികാരം മലവെള്ളച്ചാട്ടം പോലെ കുത്തി ഒലിച്ചെത്തും. അതിനെതിരെ നിൽക്കുന്ന ഏത് ശക്തികളും ആ മലവെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോകും.രാഷ്ട്രീയ തീരുമാനങ്ങൾ വോട്ടിനു വേണ്ടിയാണ്.രാമക്ഷേത്ര ചടങ്ങിൽ പോകേണ്ടെന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് തീരുമാനിച്ചത്. ആ തീരുമാനമെടുക്കാൻ പോലും അവർ വൈകി. എന്നാൽ സി.പി.എം വളരെ നേരത്തെ തീരുമാനമെടുത്തിരുന്നു. ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും മുസ്ലീങ്ങൾക്ക് പ്രവാചകനും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമനും ദൈവമാണ്.വിശ്വാസമുള്ളവർ ജാതിമതഭേദമന്യേ ദീപം തെളിക്കാൻ ഞാൻ ആഹ്വാനം ചെയ്തു. ഉൾക്കൊള്ളാൻ മനസുള്ളവർക്ക് മാത്രം ഉൾക്കൊള്ളാം. മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു-വെള്ളാപ്പള്ളി പറഞ്ഞു.