
ആലപ്പുഴ: സാമ്പത്തിക ബാദ്ധ്യതമൂലം ആത്മഹത്യ ചെയ്ത നെൽകർഷകൻ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീലികാട്ടുചിറയിൽ രാജപ്പൻ, അർബുദബാധയെ തുടർന്ന് മരിച്ച മകൻ പ്രകാശൻ എന്നിവരുടെ കുടുംബത്തിന്റെ ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആലപ്പുഴ എ.ഡി.എം എസ്.സന്തോഷ്കുമാർ പറഞ്ഞു. പ്രകാശന്റെ മരണസർട്ടിഫിക്കറ്റ് കൊച്ചി കോർപ്പറേഷനിൽ നിന്ന് ലഭിക്കാനുള്ള കാലതാമസം ജോയിന്റ് ഡയറക്ടർ ഇടപെട്ട് പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും എ.ഡി.എം വ്യക്തമാക്കി. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.
രാജപ്പന്റെ ആത്മഹത്യയെത്തുടർന്ന് വിശദമായ റിപ്പോർട്ട് സർക്കാരിന് നേരത്തെ സമർപ്പിച്ചിരുന്നു. നെല്ല് സംഭരിച്ച വകയിലെ കുടിശികയല്ലാതെ മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. രാജപ്പന്റെ ആത്മഹത്യയെ തുടർന്ന് സുമനസുളിൽ നിന്ന് നാലര ലക്ഷം രൂപ സഹായമായി ലഭിച്ചെങ്കിലും അത് പ്രകാശന്റെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. ഒന്നര ലക്ഷത്തിന്റെ കാർഷികവായ്പയും സ്വകാര്യ വ്യക്തിക്ക് നൽകാനുള്ള നാല് ലക്ഷം രൂപയുമാണ് ആൺതുണനഷ്ടപ്പെട്ട കുടുംബത്തിന്റെ നിലവിലെ ബാദ്ധ്യത.