ആലപ്പുഴ: സാങ്കേതികതടസങ്ങളിലും നിയമക്കുരുക്കിലും അകപ്പെട്ട ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ളക്സ് ഭാർഗവീനിലയം പോലെയായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പൊടിയും മാറാലയും മൂടിക്കിടക്കുന്നത്.

വാണിജ്യകെട്ടിടമെന്ന നിലയിലുള്ള ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടത്തിന് അഗ്നിശമനസേനയുടെ എൻ.ഒ.സിയും നഗരസഭയുടെ ലൈസൻസും ലഭിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാനറാബാങ്കിന്റെ ശാഖയും മൂന്നാം നിലയുടെ ഒരു കോണിൽ കെ.എസ്.ആർ.ടി.സി ഭരണ വിഭാഗം ജില്ലാഓഫീസും പ്രവർത്തിക്കുന്നതൊഴിച്ചാൽ 6.75 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ 80 ശതമാനത്തിലധികവും പാഴായി കിടക്കുകയാണ്. 2014ൽ 4.5കോടി ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച കെട്ടിടനിർമ്മാണം 6.75 കോടിയോളം രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്.

എൻ.ഒ.സിയും ലൈസൻസും കിട്ടിയില്ല

1. നിർമ്മാണം പൂർത്തിയായതുമുതൽ സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഓഫീസ് ആവശ്യത്തിനായി കെട്ടിടം നോക്കാനെത്തിയെങ്കിലും നഗരസഭയുടെ സ്ഥിരം കെട്ടിട നമ്പരും ലൈസൻസുമില്ലാത്തതിനാൽ പലരും മടങ്ങിപ്പോയി.

2.നഗരസഭ നൽകിയ താത്ക്കാലിക കെട്ടിട നമ്പരാണുള്ളത്. മാനദണ്ഡങ്ങളെല്ലാം പാലിച്ചതായി ഫയർഫോഴ്സ് സാക്ഷ്യപ്പെടുത്തി കംപ്ളീഷൻ പ്ളാൻ നഗരസഭയിൽ സമർപ്പിച്ചാൽ മാത്രമേ കെട്ടിടത്തിന് സ്ഥിരം നമ്പർ ലഭിക്കു.

3. വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള കെട്ടിടത്തിന് വാണിജ്യ താരിഫിൽ നല്ലൊരു തുക വൈദ്യുതി ചാർജായും ചെലവാകുന്നുണ്ട്. കോടികൾ ചെലവിട്ട കെട്ടിടത്തിൽ നിന്ന് ബാങ്കിന്റെ വാടക മാത്രം ലഭിക്കുന്ന കോർപ്പറേഷന് മാസാമാസം വൻതുകയാണ് വരുമാനനഷ്ടം.

ഭരണവിഭാഗം ഓഫീസ്

ആലപ്പുഴയിലേക്ക്

കൊമേഴ്സ്യൽ കോംപ്ളക്സ് എന്ന നിലയിൽ പണികഴിപ്പിച്ച കെട്ടിടത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഭരണവിഭാഗം ഓഫീസ് പ്രവർത്തിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് അഗ്നിശമനസേന നിലപാട് കടുപ്പിച്ചതോടെ ഭരണവിഭാഗം ഓഫീസ് ആലപ്പുഴയിലേക്ക് മാറും. മൂന്നുഡസനിലധികം ജീവനക്കാരുമായി മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ്,​ എമർജൻസി എക്സ്റ്റിറ്റ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. അതില്ലാത്തതും കൊമേഴ്സ്യൽ കോംപ്ളക്സെന്ന പേരും ചൂണ്ടിക്കാട്ടി അഗ്നിശമനസേന അംഗീകാരം നൽകാൻ വിസമ്മതിച്ചതോടെയാണ് ആലപ്പുഴ ഡിപ്പോയ്ക്ക് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിന് മുകളിലേക്ക് ഭരണവിഭാഗം ഓഫീസ് മാറ്റുന്നത്. ഇതിനായി കെ.എസ്.ആർ.ടിസി ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തി. ഭരണവിഭാഗത്തിന് പ്രത്യേക ജില്ലാഓഫീസ് ആരംഭിച്ചനാൾ മുതൽ ഹരിപ്പാടായിരുന്നു പ്രവർത്തനം.

ലിഫ്റ്റിൽ പോരായ്മ

 എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല

 കടകൾക്കും ഓഫീസുകൾക്കും ഉയർന്ന വാടകയും ഡിപ്പോസിറ്റും

 ബസ് സ്റ്റേഷനുമായി നേരിട്ട് ബന്ധമില്ലാത്ത നിർമ്മാണം

 ഫയർഫോഴ്സ് വാഹനത്തിന് കടന്നുപോകാൻ കഴിയില്ല

 അണ്ടർ ഗ്രൗണ്ട് പാർക്കിംഗിൽ വെള്ളക്കെട്ട്

......................................

അഗ്നിസുരക്ഷയും ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിഹരിച്ചുവരികയാണ്.എത്രയും വേഗം കൊമേഴ്സ്യൽ കോംപ്ളക്സ് പ്രവർത്തന സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.നിരവധി പേർ കെട്ടിടം വാടകയ്ക്കെടുക്കാൻ തയ്യാറായെത്തുന്നുണ്ട്

- എസ്റ്റേറ്റ് വിഭാഗം, ചീഫ് ഓഫീസ്, തിരുവനന്തപുരം