തുറവൂർ : തുറവൂർ മഹാക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം നാളെ നടക്കും. വളമംഗലം തെക്ക് 1054-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം. രാവിലെ 9 ന് നാല് ഗജവീരന്മാരുടെ അകമ്പടിയോടെ ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളത്ത്. വൈകിട്ട് കാഴ്ച ശ്രീബലിക്കും രാത്രി വിളക്കെഴുന്നള്ളത്തിനും ഭഗവാന്മാർ ആനപ്പുറത്ത് എഴുന്നള്ളി ദർശനം നൽകും. വൈക്കംഷാജിയും സംഘത്തിന്റെ നാദസ്വരവും പെരുമ്പളംശരത്തും സംഘത്തിന്റെ പഞ്ചാരിമേളവും പൂച്ചാക്കൽ സനൽകുമാറും സംഘത്തിന്റെ പാണ്ടിമേളവും ഉത്സവത്തിന് മേളക്കൊഴുപ്പേകും. യക്ഷിയമ്മയുടെ നടയിൽ കളമെഴുത്തും പാട്ടും രാത്രിയിൽ ഗുരുതിപൂജ എന്നിവയോടെ ഉത്സവം സമാപിക്കും.