19 കോടി അനുവദിച്ചതായി സർക്കാർ
ആലപ്പുഴ : റേഷൻ കടകളിൽ സ്റ്റോക്കെത്തിക്കുന്ന വാതിൽപ്പടി വിതരണക്കാരുടെ സമരം ജില്ലയിൽ തുടങ്ങി. സമരം ആരംഭിച്ചതോടെ കരാറുകാർക്ക് നൽകാനുള്ള 110കോടി രൂപ കുടിശ്ശികയിൽ 19 കോടി അനുവദിച്ചതായി മന്ത്രിതലത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ പണം തങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ
പ്രസിഡന്റ് തമ്പി മേട്ടുതറ പറഞ്ഞു.
കുടിശ്ശിക തുക പൂർണമായി നൽകി തീർക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ല. ലഭിക്കുന്ന തുകയുടെ 45 ശതമാനവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കേണ്ടതാണ്. മാസാമാസം ക്ഷേമനിധി വിഹിതം അടയ്ക്കാത്തതിന് ബോർഡ് 25 ശതമാനം പലിശയാണ് ആവശ്യപ്പെടുന്നത്. ജില്ലയിൽ അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളെ സമരം ബാധിച്ചിട്ടില്ല. മറ്റ് താലൂക്കുകളിൽ വരും ദിവസങ്ങളിലാവും സമരത്തിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു തുടങ്ങുക.
കരിമ്പട്ടികയിൽപ്പെട്ടവരെ സംരക്ഷിക്കുന്നു
അരികടത്തും, കരിഞ്ചന്തയും ഉൾപ്പടെയുള്ള കുറ്റങ്ങളിൽ അകപ്പെട്ട് കരിമ്പട്ടികയിൽ ഉൾപ്പെട്ട കരാറുകാരാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. മറ്റ് കരാറുകാർ സമരം നടത്തുന്നതും ഇത്തരക്കാർക്ക് കൊയ്ത്തു കാലമാണ്. ഇവർക്കെതിരെ പരാതി ഉയർന്നിരുന്നെങ്കിലും, മുൻ സി.എം.ഡി ഇടപെട്ട് ആ ഫയൽ മാറ്റിവെച്ചതായും കരാറുകാർ ആരോപിച്ചു. കരിമ്പട്ടികയിൽപെട്ട കരാറുകാർക്ക് എങ്ങനെ വാതിൽപ്പടി വിതരണം നടത്താനാവുന്നുവെന്ന് ചോദിച്ച് വിവരാവകാശം സമർപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം കരാറുകാർ. ഇവർക്കെതിരെയ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.