
ആലപ്പുഴ: പോള തിങ്ങിനിറഞ്ഞ് ഗതാഗതം തടസപ്പെട്ട ചുങ്കം - പള്ളാത്തുരുത്തി തോടിന് ശാപമോക്ഷം. തോട്ടിലെ പോള നീക്കൽ തുടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി പോള തിങ്ങിനിറഞ്ഞ് ഇതുവഴിയുള്ള ജലഗതാഗതം പൂർണമായും നിലച്ച കാര്യം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പോളനീക്കാൻ നടപടിയായത്. കുട്ടനാട്ടിൽ നിന്ന് ഉൾപ്പടെ ആലപ്പുഴ പട്ടണവുമായി ജലമാർഗം ദിവസേന ബന്ധപ്പെട്ടിരുന്നവരുടെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും.
നെൽക്കൃഷി ആവശ്യമായ വിത്ത്, വളം, കീടനാശിനി, പണിയായുധങ്ങൾ എന്നിവയും ചെറുകച്ചവടക്കാർ, മത്സ്യവ്യാപാരികൾ എന്നിവർ സാധനങ്ങൾ കുട്ടനാട്ടിലേക്ക് കൊണ്ടുപോയിരുന്നതും ഈ തോട് വഴിയാണ്. ദിവസേന വളർന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന പോളകാരണം ചെറുവള്ളങ്ങളുടെയും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെയും സഞ്ചാരം പ്രസിസന്ധിയിലായിരുന്നു.
കുട്ടനാട്ടുകാർക്ക് ആശ്വാസം
വർഷങ്ങളായി വ്യാപാരആവശ്യത്തിന് ഉപയോഗിച്ചുവരുന്ന ചുങ്കം - പള്ളാത്തുരുത്തി തോടിനെ കച്ചവടത്തോട് എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. വ്യാപാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ധാരാളം പേർ നഗരത്തിൽ വന്നുപോകാൻ ഇപ്പോഴും കച്ചവടത്തോടിനെ ആശ്രയിക്കുന്നുണ്ട്.
വാർത്തകളിൽ നിറയുമ്പോഴും പ്രതിഷേധനങ്ങൾ ഉയരുമ്പോഴും പോള നീക്കി ഗതാഗത മാർഗമൊരുക്കുകയാണ് പതിവ്. ഈസ്ഥിതി മാറി കൃത്യമായ പരിപാലനത്തിന് അധികൃതർ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ക്രിസ്മ, ന്യു ഇയർ, ചിറപ്പ് ഉൾപ്പടെയുള്ള ഉത്സവകാലത്ത് പോലും ഈ തോട് വഴി നഗരത്തിലെത്താൻ കുട്ടനാട്ടുകാർക്ക് കഴിഞ്ഞില്ല.
കേരളകൗമുദിയിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉണർന്ന് നടപടി സ്വീകരിച്ചതിൽആശ്വാസം. കൃത്യമായ തുടർ പരിപാലനം ഉണ്ടായില്ലെങ്കിൽ വീണ്ടും പോള വഴി മുടക്കും
- പി.ജെ.കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കിസാൻ ജനത