ആലപ്പുഴ: ആലപ്പുഴ ബ്രാഹ്‌മണ സമൂഹമഠത്തിൽ, മകര സംക്രാന്തി ദിനമായ 15ന് സന്ധ്യയ്ക്ക് 6.30 ന് അഷ്ടോത്തര സഹസ്ര (1008) നാളികേര നീരാജനം വഴിപാട് സമർപ്പണം നടത്തും. തുടർച്ചയായ നാലാം വർഷമാണ് വഴിപാട് നടത്തുന്നത്. 40 അടി നീളത്തിൽ, 18 പടികളോടുകൂടി പ്രത്യേകം തയ്യാറാക്കിയ നിരകളിൽ, 1008 തേങ്ങ ഉടച്ച്, നല്ലെണ്ണ നിറച്ച്, 2016 എള്ളുകിഴികളിലാണ് നീരാജനദീപങ്ങൾ തെളിക്കുക.

വൈകുന്നേരം 5 മണിക്ക് തന്ത്രിമുഖ്യൻ പുതുമന ദാമോദരൻ നമ്പൂതിരി, ഹരിഹരപുത്രസ്വാമി സന്നിധിയിൽ പ്രത്യേക പൂജ നടത്തും. ദീപാരാധനയ്ക്കു ശേഷം, നടയ്ക്ക് മുന്നിലായി എസ്.ഡി.വി മനേജിംഗ് കമ്മറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ മകര സംക്രാന്തി ദീപം തെളിക്കും. തുടർന്ന്, നീരാജന വേദിയ്ക്കു മുന്നിൽ സമൂഹം പുരോഹിതൻ ഹരി വാദ്ധ്യാരുടെ കാർമ്മികത്വത്തിലുള്ള പൂജകൾക്കു ശേഷം 1008 നാളീകേര നീരാജന സമർപ്പണം നടത്തും. തുടർന്ന് ഭക്തജനങ്ങൾ ചേർന്ന് 2016 ദീപങ്ങൾ തെളിക്കും.