ആലപ്പുഴ: റോഡുവശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങൾ വിളിച്ചുവരുത്തുന്നു. നഗരത്തിലെ റോഡിന്റെ വശങ്ങൾ ഗ്രാവലിട്ട് ഉയർത്താത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. വൈ.എം.സി.എ മുതൽ പഴയ പൊലീസ് കൺട്രോൾ റൂം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും റോഡരികുകളിലെ ഉയരവ്യത്യാസം വിനയായിരിക്കുന്നത്. ദിവസവും നിരവധി പേർ മൃഗങ്ങളുമായി എത്തുന്ന ജില്ലാ മൃഗാശിപത്രി, കബീർ പ്ളാസ, ഐശ്വര്യ ഓഡിറ്റോറിയം, പഴയ കൃഷിഭവൻ ഓഫീസുകളുടെ ഭാഗങ്ങളിലുള്ള റോഡിന്റെ വശങ്ങളും തമ്മിൽ ഒരടിയോളം ഉയരവ്യത്യാസമുണ്ട്. നഗരത്തിൽ തിരക്കേറിയ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കബീർപ്ളാസയിൽ പ്രവർത്തിക്കുന്ന ബാങ്ക്, ഹോമിയ ഡിസ്പൻസറി, മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിൽ നിരവധി പേരാണ് എത്തുന്നത്. പ്രായമായവർ റോഡിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ പലപ്പോഴും വീഴാറുണ്ട്. റോഡിന്റെ ഇരുഭാഗത്തും ബസിൽ നിന്ന് ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ പൊക്കവ്യത്യാസം ഇരുചക്ര കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജില്ലാ കോടതി നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നതിനാൽ അരിക് റോഡിന്റെ അറ്റകുറ്റപണി നടത്താൻ ഫണ്ട് അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ്.

............

" റോഡരികുകളിലെ ഉയരവ്യത്യാസം അപകടങ്ങൾ വിളിച്ചുവരുത്തുന്നു. ജില്ലാക്കോടതി പാലം പുനർനിർമ്മാണം പൂർത്തിയാക്കുന്ന കാലയളവ് വരെ റോഡിന്റെഅരികുകൾ റോഡിന്റെ ഉയരത്തിനൊപ്പം ഗ്രാവലിട്ട് ഉയർത്തണം.

മനോജ്കുമാർ, തോണ്ടൻകുളങ്ങര

 ഉരയവ്യത്യാസം: ഒന്നരഅടി