ആലപ്പുഴ: പാതിരപ്പള്ളിയിലെ ഹോമിയോ ഔഷധ നിർമാണശാല (ഹോംകോം) ഡേറ്റ എൻട്രി ജീവനക്കാരിയെ പുറത്താക്കി.10 വർഷം തുടർച്ചയായി ജോലിചെയ്തവന്ന വി.ടി. ധനീഷാമോളെയാണ് പുറത്താക്കിയത്. പുതിയ എം.ഡി ചാർജ് എടുത്തതിനുശേഷമുള്ള ക്രമീകരണങ്ങളുടെ പേരിൽ ഡേറ്റാ എൻട്രി ഓപറേറ്റർമാരായ ഏഴുപേരെ വർക്കർന്മാരായി തരംതാഴ്ത്തി. ദിവസവേതനം വെട്ടിക്കുറച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് നടപടിയെന്നും പരാതിയുണ്ട്. എം.ഡിയുടെ നടപടി പ്രതികാരമാണെന്ന് ഹോംകോ എംപ്ലോയിസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എ.എ. ഷുക്കൂർ ആരോപിച്ചു. ഇത് സംബന്ധിച്ച് ആയുഷ് സെക്രട്ടറിക്കും ഹോംകോ ചെയർമാനും പരാതിനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,
വർക്കർ തസ്തികയിൽ മാത്രമാണ് മുമ്പ് നിയമിച്ചതെന്നും ഡേറ്റ എൻട്രി തസ്തികയിലേയ്ക്ക് ആരെയും നിയിമിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചണം അടിസ്ഥാന രഹിതമാണെന്നും ഹോംകോ മാനേജ്മെന്റ് അറിയിച്ചു.