
കായംകുളം : ഓസ്ട്രേലിയൻ എയർഫോഴ്‌സിൽ പൈലറ്റ് ഓഫീസറാകാൻ തയ്യാറെടുത്ത്
പതിനാലുകാരിയായ മലയാളി. സിഡ്‌നിയിൽ സ്ഥിരതാമസമാക്കിയ കായംകുളത്തുകാരി സിയോണയാണ് സ്വപ്‌ന സാഫല്യത്തിനൊരുങ്ങുന്നത്. സിയോണയുടെ അച്ഛൻ നിശാന്ത്, ഓസ്ട്രേലിയൻ സർക്കാർ സർവീസിൽ ലോജിസ്റ്റിക്ക് ഓഫീസറും അമ്മ ഡോ.ആരിനിശാന്ത് സ്‌കിൻ ക്യാൻസർ സ്പെഷ്യലിസ്റ്റുമാണ്.
മുത്തച്ഛൻ കായംകുളം കരിയിലകുളങ്ങര രാകേന്ദുവിൽ ജി.യശോധരൻ, എക്സൈസ് ജില്ലാ കമ്മീഷണറും മുത്തശ്ശി ലീലാഭായി ഇന്ത്യൻ ആർമിയിൽ ലഫ്.കേണലുമായിരുന്നു.
പത്താം ക്ളാസ് വിദ്യാർത്ഥിനിയായ സിയോണ ഓസ്ട്രേലിയൻ എയർഫോഴ്‌സിന്റെ ഒരാഴ്‌ച നീണ്ടുനിന്ന ഗ്ലൈഡിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇനിയുള്ള രണ്ട് വർഷങ്ങളിലും പരിശീലനം തുടരും. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ ഡിഫൻസ് കോളേജിൽ പ്രവേശനം ലഭിക്കും. മൂന്നു വർഷത്തെ പഠനം കഴിയുന്നതോടെ സിയോണ ഓസ്ട്രേലിയൻ എയർഫോഴ്‌സിൽ പൈലറ്റ് ഓഫീസറാകും.