
അമ്പലപ്പുഴ : വ്യക്തിപൂജ രാഷ്ട്രീയത്തിൽ മാത്രമല്ല, സാഹിത്യത്തിലും പാടില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. കാവാലം മാധവൻകുട്ടിയുടെ 'നിഴൽ വീണ നക്ഷത്രം' എന്ന നാടകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിൽ കുത്തക പാടില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
എം.ടി പറഞ്ഞതിൽ സന്ദേശം ഉണ്ട്. അത് ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം. ആർക്കും എതിരെയല്ല വ്യവസ്ഥിതിക്കെതിരെയാണ് ആ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനായി.
'ഗ്രാമവൃക്ഷത്തിലെ
കുയിൽ' 16ന്
തിയേറ്ററുകളിൽ
കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ" 16ന് തിയേറ്ററുകളിലെത്തും. സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ആണ് ആശാന്റെ വേഷത്തിലെത്തുന്നത്.
നിലവിലെ സാമൂഹിക സാഹചര്യത്തിൽ കുമാരനാശാന്റെ ദർശനങ്ങൾ ഏറെ പ്രസക്തമാണെന്നു വിലയിരുത്തിയാണ് സിനിമയൊരുക്കിയതെന്ന് കെ.പി. കുമാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം ഏറെ അസ്വസ്ഥമാണ്. ജാതിയും ഏകാധിപത്യവും തിരിച്ചുവന്നിരിക്കുന്നു. ഏകാധിപത്യ പ്രവണതയെക്കുറിച്ച് എം.ടി. വാസുദേവൻ നായർ പറഞ്ഞതിനോട് യോജിക്കുന്നു. കുമാരനാശാനിലേക്ക് മടങ്ങിപ്പോകേണ്ടത് സമകാലിക കേരളത്തിന് അനിവാര്യമാണെന്നും കെ.പി. കുമാരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും സിനിമയുടെ നിർമ്മാതാവുമായ എം. ശാന്തമ്മപിള്ളയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബിരുദ പരീക്ഷയിൽ
നിഷിന് അഞ്ച് റാങ്കുകൾ
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പരീക്ഷകളിൽ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ വിദ്യാർത്ഥികൾ. ശ്രവണ പരിമിതരായ വിദ്യാർത്ഥികൾക്കായുള്ള ബി.കോം, ബി.എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിലാണിത്. നമിഷ്നാ ലക്ഷ്മണൻ, സൽമാൻ ഫാരിസ്, അഭിനവ്, പുനിയത് ത്രിപാഠി, നബിൽ എന്നിവരാണ് റാങ്ക് നേടിയത്. ബി.കോം പരീക്ഷയിൽ നമിഷ്നാ ലക്ഷ്മണൻ 3600 ൽ 3065 മാർക്കോടെ ഒന്നാം റാങ്ക് നേടി. സൽമാൻ ഫാരിസിന് 2968 മാർക്കും രണ്ടാം റാങ്കും ലഭിച്ചു. മൂന്നാം റാങ്ക് നേടിയ അഭിനവിന് 2069 മാർക്കുണ്ട്. ബി.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലാണ് പുനിയത് ത്രിപാഠി ഒന്നാം റാങ്കും നബീൽ ടി.പി മൂന്നാം റാങ്കും നേടിയത്. തിളക്കമാർന്ന നേട്ടത്തിൽ വിദ്യാർത്ഥികളെ മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു.
ആർ.വൈ.എഫ്
സൈക്കിൾ റൈഡ്
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ടി.കെ.ദിവാകരൻ ദിനമായ 19 മുതൽ ബേബി ജോൺ ദിനമായ 29 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആർ.വൈ.എഫ് സൈക്കിൾ റൈഡ് നടത്തും. 19ന് ഉച്ചയ്ക്ക് 2ന് കാസർകോട് ബസ് സ്റ്റാന്റ് പരിസരത്ത് ചേരുന്ന യോഗത്തിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ സൈക്കിൾ ചങ്ങല തീർക്കും. സമാപന സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ എന്നിവരാണ് ജാഥാ ക്യാപ്റ്റന്മാർ. 35 സ്ഥിരാംഗങ്ങളുണ്ടെന്ന് ജാഥാ ഡയറക്ടർ കുളക്കട പ്രസന്നൻ ഭാസ്, ആർ.വൈ.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാലു രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുവജനങ്ങൾക്ക് സർക്കാരിൽ
വിശ്വാസമില്ല: ആർ.വൈ.എഫ്
തിരുവനന്തപുരം: യുവജനങ്ങൾക്ക് ഇടതു സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ആർ.വൈ.എഫ് ആരോപിച്ചു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാർക്ക് പിൻവാതിലിലൂടെ തൊഴിൽ നൽകുന്നത് യുവസമൂഹത്തെ നിരാശയിലാക്കുന്നു. ഈ വർഷം 4.62 ലക്ഷം പി.എസ്.സി അപേക്ഷകരുടെ കുറവ് എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഉണ്ടാകാൻ കാരണം അതാണ്. മുൻ വർഷത്തേക്കാൾ 60 ശതമാനം കുറവ് നിയമനമാണ് പി.എസ്.സിയിലൂടെ നടന്നതെന്നും ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാലു രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.