ആലപ്പുഴ: ചാത്തനാട് കോളനി - പട്ടാണിമുക്ക് റോഡിൽ നിന്ന് ഉയരുന്ന പൊടിമൂലം ശ്വാസകോശ രോഗങ്ങളുമായി പ്രദേശവാസികൾ. താറുമാറായി കിടന്ന റോഡ് വെട്ടിപൊളിച്ച് മെറ്റലും പൊടിയും വിതറി അധികൃതർ മടങ്ങിയിട്ട് രണ്ട് വർഷമായി. ചാത്തനാട് കോളനി മുതൽ പട്ടാണിമുക്ക് വരെ റോഡിന് ഇരുവശവും ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. വാഹനങ്ങൾ ഓടുന്ന വേളയിൽ ഉയരുന്ന പൊടിപടലം വീടിനുള്ളിലേക്ക് അടിച്ചുകയറും. ശസ്ത്രക്രിയകൾ കഴിഞ്ഞ് വിശ്രമിക്കുന്ന രോഗികൾ, ഗർഭിണികൾ, നവജാത ശിശുക്കൾ തുടങ്ങി വലിയ വിഭാഗം ആളുകൾ പൊടിശല്യത്തിൽ വലയുകയാണ്.
350 മീറ്റർ റോഡ് പുനർനിർമ്മിക്കുന്നതിന് വേണ്ടി റീബിൾഡ് കേരളയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 30ലക്ഷം രൂപയാണ് അനുവദിച്ചത്. ഫണ്ട് ലഭിക്കാനുള്ള കാലതാമസം മൂലം ഏറെക്കാലം പണിയെങ്ങുമെത്താതെ കിടന്നു. നിലവിൽ അമൃത് പദ്ധതി പ്രകാരം പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതിന്റെ സാങ്കേതികത്വമാണ് റോഡ് പണി വൈകുന്നതിന് കാരണം. . റോഡ് ടാറിട്ട് കഴിഞ്ഞാൽ വീണ്ടും വെട്ടിപൊളിക്കുന്നത് ഒഴിവാക്കാനാണ് പൈൻ ലൈൻ പ്രവൃത്തികൾ കഴിയുന്നതിന് കാത്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നത്. റോഡിനോട് ചേർന്ന് 72 മീറ്റർ ഓട കൂടി പണിയേണ്ടതുണ്ട്. ഇതിനുള്ള 12 ലക്ഷം രൂപയും പാസാകണം.
................
# സമരത്തിനിറങ്ങും
വർഷങ്ങളായി റോഡ് പണി പൂർത്തിയാക്കാത്തതിലും, പൊടിശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിലും പ്രതിഷേധിച്ച് രാഷ്ട്രീയ വ്യത്യാസമില്ലാതെ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. റോഡിന് ഇരുവശവും വാഹന ഗതാഗതം തടസ്സപ്പെടുത്തിയാവും സമരം. റോഡ് പൊങ്ങിയതോടെ മഴക്കാലമായാൽ വീടുകൾക്കുള്ളിലേക്ക് വെള്ളം ഒഴുകി കയറും. ഈ പ്രശ്നത്തിനും അടുത്ത മഴക്കാലത്തിന് മുമ്പ് ശാസ്ത്രീയ പരിഹാരം കാണണമെന്മാണ് നാട്ടുകാരുടെ ആവശ്യം.
......
'' വാഹനങ്ങൾ ഓടുമ്പോൾ മിനിട്ടുകൾക്കൊണ്ട് ശരീരം പോലും പൊടിപിടിക്കുകയാണ്. കുട്ടികളുൾപ്പടെ ശ്വാസകോശ പ്രയാസങ്ങൾ നേരിടുന്നു.
റോസമ്മ , പ്രദേശവാസി
''രാഷ്ട്രീയ വ്യത്യാസമില്ലാത ഞങ്ങൾ സമരത്തിനിറങ്ങുകയാണ്. റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി തടസപ്പെടുത്തും.
ബിനോയ്, പ്രദേശവാസി
''അമൃത് പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചാലുടൻ റോഡ് പണി ആരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ പ്രശ്നത്തിന് പൂർണപരിഹാരമാകും.
കെ.എസ്.ജയൻ, ചാത്തനാട് വാർഡ് കൗൺസിലർ