
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ മകളെ സ്പെഷ്യൽ സ്കൂളിലെത്തിക്കാൻ മുച്ചക്ര സ്കൂട്ടറിന് ലൈസൻസ് തേടിയാണ് അംഗപരിമിതയായ ആലപ്പുഴ നൂറനാട് പണയിൽ മാളുഭവനത്തിൽ ജി.മഞ്ജു (43) മാവേലിക്കര ആർ.ടി ഓഫീസിലെത്തിയത്. എന്നാൽ, വാഹന ടെസ്റ്റ് പാസായ മഞ്ജുവിനായി ഉദ്യോഗസ്ഥർ കരുതിവച്ചിരുന്നത് ലൈസൻസിനൊപ്പം അയ്യായിരം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ കൂടിയായിരുന്നു. മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വിറ്റ് വരുമാനം കണ്ടെത്തി കൂലിപ്പണിക്കാരനായ ഭർത്താവ് മധുവിന് (50) കൈത്താങ്ങാവുകയാണ് ഇപ്പോൾ മഞ്ജു. പ്രമേഹം രണ്ട് വർഷം മുമ്പ് മഞ്ജുവിന്റെ വലതു കാൽ അപഹരിച്ചു. ഇതോടെയാണ് ഭരണിക്കാവ് ബ്ലോക്കിൽ അപേക്ഷ നൽകി മുച്ചക്ര വാഹനം സ്വന്തമാക്കിയത്.
നിർണായക കൂടിക്കാഴ്ച
മകളെ സ്കൂളിലെത്തിക്കുന്നതിന് വേണ്ടിയാണ് മഞ്ജു സ്കൂട്ടറോടിക്കാൻ ലൈസൻസ് എടുത്തത്. പ്രമേഹം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വലതുകാൽ നീക്കം ചെയ്തു. ഇതോടെ കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പിനും പോയി നേടിയിരുന്ന വരുമാനം നിലച്ചു. മകളെ അടൂരിലെ സ്പെഷ്യൽ സ്കൂളിലെത്തിക്കാൻ മാസം 1500 രൂപ വാൻ ഫീസും വേണ്ടിവന്നു. മുച്ചക്ര വാഹനമോടിക്കാൻ ഭിന്നശേഷിക്കാർക്കുള്ള ലൈസൻസിനായി മാവേലിക്കര ആർ.ടി ഓഫീസിലെത്തി ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിനെ കണ്ടു.
ഈ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ മനോജ് സഹപ്രവർത്തകരുമായി ആലോചിച്ച് മഞ്ജുവിനെ സഹായിക്കാനുറച്ചു. ലൈസൻസിനുൾപ്പടെയുള്ള ചെലവുകൾ ഉദ്യോഗസ്ഥർ വഹിച്ചു. ടെസ്റ്റ് വിജയിച്ചതോടെ മഞ്ജുവിന്റെ സ്കൂട്ടറിൽ ലോട്ടറി ടിക്കറ്റുകളടങ്ങിയ തട്ട് സ്ഥാപിച്ചു. ഒപ്പം മകൾ മാളുവിനുൾപ്പടെയുള്ളവർക്ക് ഹെൽമറ്റുകളും സൗജന്യമായി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർ, എ.എം.വി.ഐ പ്രസന്നകുമാർ, ദിനൂപ് എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.
മനോജ് വ്യത്യസ്ഥൻ
ഔദ്യോഗിക കൃത്യ നിർവഹണത്തിനൊപ്പം സഹജീവികളെ സഹായിക്കുന്നതിനും സമയം കണ്ടെത്തുന്നതാണ് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിനെ വ്യത്യസ്തനാക്കുന്നത്. കൊവിഡ് കാലത്ത് ചെങ്ങന്നൂരിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സിലിണ്ടർ എത്തിക്കേണ്ട ലോറിയുടെ ഡ്രൈവർ എത്താൻ വൈകിയതോടെ, മനോജ് ആ ജോലി ഏറ്റെടുത്തു. മാവേലിക്കരയിലെ ട്രാവൻകൂർ ഫാക്ടറിയിൽ ലോറിയെത്തിച്ച് ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച് ചെങ്ങന്നൂരിൽ എത്തിച്ച ശേഷമാണ് മനോജ് ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയത്.
കടബാദ്ധ്യതകളിൽ വിഷമിച്ചിരിക്കുമ്പോൾ മനോജ് സാറിന്റെ നേതൃത്വത്തിൽ ജീവിതമാർഗ്ഗം ഒരുക്കിതന്നതിന് ഒരുപാട് നന്ദിയുണ്ട്
-മഞ്ജു
മഞ്ജുവുമായി സംസാരിച്ചപ്പോൾ കുടുംബത്തിന്റെ അവസ്ഥ മനസിലായി. സഹപ്രവർത്തകർ കൂടി സഹകരിച്ചതോടെ കുടുംബത്തെ സഹായിക്കാനായി
-എം.ജി.മനോജ്, ജോയിന്റ് ആർ.ടി.ഒ