ആലപ്പുഴ: ജലഗതാഗത വകുപ്പിന് റെക്കാഡ് വരുമാനം സമ്മാനിച്ചിരുന്ന ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തം. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിച്ചിരുന്ന ഈ ബോട്ട് സർവീസ് കൊവിഡിനെ തുടർന്നാണ് നിർത്തിവച്ചത്. പിന്നീട് കൊവിഡ് ഭീതി അകന്നെങ്കിലും തൃക്കുന്നപ്പുഴയിൽ പാലത്തിന്റെ പൈലിംഗ് ആരംഭിച്ചതോടെ സർവീസ് തിരികെവന്നില്ല. പൈലിംഗ് പൂർത്തിയായെങ്കിലും പാലത്തിന്റെ പണി ഇനിയുംബാക്കിയാണ്. ജോലികൾ എത്രയും വേഗം പൂർത്തിയാക്കി ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നതാണ് സഞ്ചാരികളുടെ ആവശ്യം.
ആലപ്പുഴയിലെ കായൽ യാത്രയ്ക്ക് വിദേശസഞ്ചാരികൾ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ബോട്ട് സർവീസാണ് മുടങ്ങിയത്. ദിവസേന 60,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ ലഭിച്ചിരുന്നു. ആലപ്പുഴയിലെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇപ്പോഴും ആദ്യം അന്വേഷിക്കുന്നത് ആലപ്പുഴ- കൊല്ലം ബോട്ട് സർവീസിനെക്കുറിച്ചാണ്.
തടസം പാലംപണിയും ആഴക്കുറവും
നിർമ്മാണം നീണ്ടുപോകുന്ന തൃക്കുന്നപ്പുഴയിലെ പാലം പണിയും ബോട്ട് ചാനലിന്റെ ആഴക്കുറവുമാണ് ആലപ്പുഴ- കൊല്ലം ബോട്ട് സർവീസിന്റെ തിരിച്ചുവരവിന് തടസം നിൽക്കുന്നത്. രണ്ട് നില ബോട്ടായതിനാൽ കുറഞ്ഞത് രണ്ട് മീറ്റർ ആഴം ചാനലിന് വേണം. പലഭാഗങ്ങളിലും ഇത്രയും ആഴമില്ല. ഒരു സീസണിൽ 50 ലക്ഷത്തിൽ അധികം രൂപയാണ് ആലപ്പുഴ- കൊല്ലം സർവീസിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. സർവീസ് പുനരാംഭിച്ചാൽ വരുമാനം ഇതിലും കൂടാനാണ് സാദ്ധ്യത.
ഏറ്റവും ദൈർഘ്യമേറിയ വിനോദയാത്ര
1. തെണ്ണൂറ് സീറ്റുള്ള ഡബിൾ ഡെക്കർ ബോട്ടാണ് സർവീസ് നടത്തുന്നത്. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായൽ, പമ്പാനദി, പള്ളാത്തുരുത്തിയാറും, പല്ലനയാറും കടന്നാണ് ബോട്ട് കൊല്ലത്തെത്തുന്നത്
2. രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബോട്ട് വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം രാവിലെ 10.30ന് ആലപ്പുഴയിലേക്ക് പുറപ്പെടും.
3.യാത്രക്കാർക്ക് ഭക്ഷണത്തിനുള്ള സൗകര്യം തോട്ടപ്പള്ളിയിലും തൃക്കുന്നപ്പുഴ കയർവില്ലേജ് ജെട്ടിക്ക് സമീപത്തെ ഹോട്ടലിലുമാണ് ഒരുക്കിയിരുന്നത്
4.ജലഗതാഗത വകുപ്പ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയതാണ് ഇത്. 95 കിലോമീറ്ററാണ് ആലപ്പുഴ- കൊല്ലം കായൽദൂരം
കീശകീറാത്ത യാത്ര
യാത്രാ നിരക്ക് 400 രൂപയായിരുന്നു. ഇത് പുതുക്കി 550രൂപയാകുമെന്നാണ് അറിയുന്നത്. സ്വകാര്യ ഹൗസ് ബോട്ട് ഉടമകൾ 20,000-25,000 രൂപവരെയാണ് ഈടാക്കുമ്പോഴാണ് കുറഞ്ഞ നിരക്കിൽ ഇത്രയും ദൂരം സർവീസ് നടത്തുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ജലഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ഏർപ്പെടുത്തിയായിരുന്നു സർവീസ്. തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കയർ വില്ലേജ്, ആയിരംതെങ്ങ്, അമൃതപുരി, ചവറ ജെട്ടി എന്നിവിടങ്ങളിലാണ് ബോട്ട് അടുത്തിരുന്നത്.
ദേശീയജലപാത, ഇറിഗേഷൻ അധികൃതർ ബോട്ട് ചാലിന്റെ ആഴം വർദ്ധിപ്പിച്ചാൽ മാത്രമേ ആലപ്പുഴ - കൊല്ലം ടൂറിസ്റ്റ് ബോട്ട് സർവീസ് പുന:രാരംഭിക്കാൻ കഴിയു
- ഷാജി വി.നായർ, എം.ഡി, ജലഗതാഗത വകുപ്പ്