ആലപ്പുഴ: നവകേരളസദസിൽ ജില്ലയിൽ നിന്ന് ലഭിച്ച അരലക്ഷത്തോളം അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. ചികിത്സാസഹായം, വീടും വസ്തുവും ലഭ്യമാക്കൽ, നിലം തരംമാറ്റൽ, റേഷൻ കാർഡ് മുൻഗണനാവിഭാഗത്തിലേക്ക് മാറ്റൽ തുടങ്ങിയ അപേക്ഷകളെ അവയുടെ സ്വഭാവമനുസരിച്ച് തരംതിരിച്ചാണ് നടപടി.

മാരക രോഗങ്ങൾക്കിരയായി ചികിത്സാസഹായം അഭ്യർത്ഥിച്ചുളള അപേക്ഷകളിൽ രേഖകൾ പരിശോധിച്ചശേഷം യോഗ്യരായവരെ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗത്തിന്റെയും ചികിത്സയുടെയും ഗൗരവം അനുസരിച്ച് പരമാവധി അരലക്ഷം രൂപവരെ ഇവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

സ്വന്തമായി വീടോ വസ്തുവോ ഇല്ലെന്നുള്ള അപേക്ഷകൾ ലൈഫ് മിഷന് കൈമാറും. നിലം തരംമാറ്റുന്നതിനായി നൽകിയ അപേക്ഷകളിൽ നടപടി വൈകുന്നതിന്റെ പേരിൽ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ചതുൾപ്പടെയുള്ള അപേക്ഷകളിലും വില്ലേജ് ഓഫീസുകളിൽ നിന്നുളള റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർമാർ കൈമാറുന്ന റിപ്പോർട്ടുകളിൽ ആർ.ഡി.ഒയാകും അന്തിമ തീർപ്പുണ്ടാക്കുക. ഇത് കൂടാതെ വഴി, കുടിവെള്ള ക്ഷാമം, അതി‌ർത്തി തർക്കം, സ്വത്ത് തർക്കം തുടങ്ങി കുടുംബപ്രശ്നങ്ങൾ വരെ നവകേരള സദസിൽ ലഭിച്ച പരാതികളുടെ കൂട്ടത്തിലുണ്ട്. കളക്ട്രേറ്റിൽ ഇതിനായുള്ള പ്രത്യേക വിഭാഗം അവധിദിവസങ്ങളിലുൾപ്പെടെ പ്രവർത്തിച്ചാണ് അപേക്ഷകൾ നടപടികൾക്കായി അയക്കുന്നത്.

നവകേരള സദസിൽ ലഭിച്ച മുഴുവൻ അപേക്ഷകളും തരംതിരിച്ച് പരിശോധിച്ചുവരികയാണ്. എത്രയും വേഗം തീർപ്പുകൽപ്പിക്കുകയാണ് ലക്ഷ്യം

-ഡെപ്യുട്ടികളക്ടർ, ആലപ്പുഴ