pravoor

ആലപ്പുഴ: പുതിയ മൂന്നുനില കെട്ടിടത്തിനായി മൂന്നുകൊല്ലം മുമ്പ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും നിർമ്മാണം നീണ്ടുപോകുന്നതിനാൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി നൂറ്റിനാൽപ്പത് വർഷം പാരമ്പര്യമുള്ള പുന്നപ്ര പറവൂർ ഗവ.എച്ച്.എസ്.എസ്. ക്രിസ്ത്യൻ മിഷനറിമാർ ആരംഭിച്ച ഈ സ്‌കൂളിലാണ് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

പഴയ ഓടിട്ട കെട്ടിടത്തിലും മറ്റൊരു രണ്ടുനില കെട്ടിടത്തിലുമുള്ള മുപ്പതോളം മുറികളിലാണ് 1250 കുട്ടികൾ ഞെങ്ങിഞെരുങ്ങി ഇരിക്കുന്നത്. ഒരിടയ്ക്ക് ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം- ഇംഗ്ളീഷ് മീഡിയം കുട്ടികളെ ഒരുക്ളാസിൽ ഒരുമിച്ചിരുത്തി പഠിപ്പിച്ചിരുന്നു. പ്രതിഷേധമുയർന്നതോടെ ലാബുകളും ലൈബ്രറിയുമൊക്കെ തത്കാലം ക്ളാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്. സൗകര്യം കുറവായതിനാൽ ഇവിടങ്ങളിൽ കുട്ടികൾ വീർപ്പുമുട്ടിയാണ് ഇരിക്കുന്നത്. ഒന്നുമുതൽ പത്തുവരെ ചില ക്ളാസുകളിൽ 20ഉം, മറ്റു ചില ക്ളാസുകളിൽ നാൽപ്പതിലധികം കുട്ടികളുമുണ്ട്.

കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന സ്ഥലം എം.എൽ.എ കൂടിയായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് പുതിയ കെട്ടിടത്തിന് മൂന്നുകോടി അനുവദിച്ചത്. ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി. മുറ്റത്ത് നിന്ന മുത്തശ്ശി മാവുകളും വെട്ടിമാറ്റി. ഇതോടെ മരത്തണലിൽ ഇരുത്തിയും കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്നില്ല. നിർമ്മാണം വൈകുന്നതോടെ മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയായി എസ്റ്റിമേറ്റ് ഉയർത്തിയിട്ടുണ്ട്. കിലയ്ക്കാണ് നിർമ്മാണച്ചുമതല. നിർമ്മാണത്തിന് ഊരാളുങ്കലുമായി കരാറായെന്ന് കില അധികൃതർ പറയുന്നു.

''മികച്ച നിലവാരമുള്ളതിനാൽ കൂടുതൽ കുട്ടികൾ സ്കൂളിൽ ചേരാൻ ആഗ്രഹിക്കുന്നു. നിലവിൽ ക്ലാസ്‌‌ മുറികൾ തികയുന്നില്ല.

-കെ.സി.ജയകുമാർ,

സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ,

-ഒ.ഷാജഹാൻ,

മുൻ ചെയർമാൻ