ആലപ്പുഴ: കായംകുളത്ത് സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 374ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട മുഖ്യപ്രതി ചേരാവള്ളി പൊതുമുഖത്ത് വടക്കതിൽ വീട്ടിൽ സ്റ്റീഫൻ വർഗീസിന്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ച്

എക്സൈസ്. അന്തർസംസ്ഥാന ബന്ധമുള്ള സ്പിരിറ്റ്, വ്യാജമദ്യ ഇടപാടുകാരുടെ വിവരങ്ങളും സ്പിരിറ്റിന്റെ ഉറവിടവും ഇതിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സ്പിരിറ്റ് കടത്താനുപയോഗിച്ച കാറിൽ നിന്നാണ് സ്റ്റീഫന്റെ ഫോൺ ലഭിച്ചത്. എന്നാൽ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷവും

സ്റ്റീഫനെ കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. അതേസമയം,​ കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ എണ്ണയ്ക്കാട്ട് രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് കുമാറിന്റെ തെളിവെടുപ്പ് പൂ‌ർത്തിയാക്കി. രഞ്ജിത്തിന്റെ വീട്ടിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുത്ത എക്സൈസ് സംഘം സ്പിരിറ്റ് കടത്താനുപയോഗിച്ച കാറിന്റെ ഉടമയെയും തിരിച്ചറിഞ്ഞു. രഞ്ജിത്ത് ബന്ധുവായ കുട്ടിയെ ആശുപത്രിയിലെത്തിക്കാനെന്ന പേരിലാണ് കാർ ആവശ്യപ്പെട്ടതെന്നാണ് കാറുടമയുടെ മൊഴി. ഇത് എക്സൈസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

ഏതാനും മാസം മുമ്പ് ഹരിപ്പാട്ട് അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് പിടികൂടിയ ആയിരത്തിലേറെ കുപ്പി വിദേശമദ്യവുമായും സ്റ്റീഫന് ബന്ധമുണ്ടെന്ന് എക്സൈസ് സംശയിക്കുന്നു. കെട്ടിടഉടമയായ സുധീന്ദ്രലാലിനെ മാത്രമാണ് അന്ന് പിടികൂടാൻ കഴിഞ്ഞത്. പത്തിയൂരിലെ സ്പിരിറ്റ് കേസ് ഉൾപ്പെടെ ചെറുതും വലുതുമായ അരഡസനോളം കേസുകളിൽ സ്റ്റീഫൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.