
അമ്പലപ്പുഴ: കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഷട്ടറുകൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ. എറണാകുളം സ്വദേശികളായ കാരു തലക്കൽ രതീഷ് (38), മുളന്തുരുത്തി കീച്ചം പള്ളി ജിജോ (45) എന്നിവരാണ് അറസ്റ്റിലായത്. അമ്പലപ്പുഴ ഗവ.കോളേജിന് സമീപത്തെ എസ്.ബി.ഐ ബാങ്ക് കെട്ടിടത്തിന്റെ കോൺക്രീറ്റ് കഴിഞ്ഞശേഷം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വിലയുള്ള 135 ഷട്ടറുകളും 5 അഡ്ജസ്റ്റബിളുമാണ് ഇവർ ഡിസംബർ 14 ന് പുലർച്ചെ മോഷ്ടിച്ചത്. കരാറുകാരന്റെ പരാതിയിൽ അമ്പലപ്പുഴ എസ്.എച്ച്.ഒ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 70 ഓളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പ്രതികളിലെത്തിയത്. എസ്.ഐ പി.ജെ.ടോൾസൺ, എ.എസ്.ഐ പ്രദീപ്കുമാർ, എസ്.പി.സി.ഒ നൗഷാദ്, സി.പി.ഒ മാരായ സിദ്ധിഖ് ഉൾ അക്ബർ, ജോസഫ് ജോയി, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.