ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കണ്ണർകാട് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്‌പെൻസറിക്ക് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്ന നിലയിൽ ദേശീയ അംഗീകാരം ലഭിച്ചു. ആയുർ കർമ്മ, ജീവിതശൈലി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, യോഗ പരിശീലനം, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വയോജനങ്ങൾക്കുമുള്ള പ്രത്യേക പരിരക്ഷ, രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവയിൽ കഞ്ഞിക്കുഴി ഡിസ്‌പെൻസറി മികവ് പുലർത്തിയതായി എൻ.എ.ബി.എച്ച് ടീം വിലയിരുത്തി. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ടീമംഗങ്ങൾ സന്ദർശനം നടത്തിയത്. യോഗ പരിശീലനത്തിന് ഡോക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.