
മാന്നാർ: കഷ്ടപ്പാടിൽ നട്ടംതിരിയുന്ന മൂന്നംഗ കുടുംബം, കിടപ്പാടവും നഷ്ടപ്പെടുമോ എന്ന ഭയത്താൽ നീറുന്നു. മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡിൽ വിനോദ് ഭവനത്തിൽ ഓമനക്കുട്ടനും കുടുംബവുമാണ് ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന വേദനയിൽ ബാങ്കിന്റെ ജപ്തി നോട്ടീസുമായി കണ്ണീർ വാർക്കുന്നത്. കടുത്ത ശ്വാസംമുട്ടൽ കാരണം മേസ്തരിപ്പണി ചെയ്യാനാകാത്ത ഓമനക്കുട്ടനും(68 ) ഭാര്യ സുകുമാരിയും വാഹനാപകടത്തെത്തുടർന്ന് ഇടതുകാൽ മുട്ടിനു താഴെ വെച്ച് മുറിച്ചുമാറ്റിയതിനാൽ ക്രച്ചസിന്റെ സഹായത്താൽ ജീവിക്കുന്ന മകൻ വിനോദ്‌കുമാറും (40) അടങ്ങുന്ന കുടുംബമാണ് സുമനസുകളുടെ സഹായം തേടുന്നത്. സുകുമാരി അയലത്തെ വീടുകളിൽ പണിക്ക് പോയും വിനോദ്‌കുമാർ ഓലകൾ ചീകി ചൂലുണ്ടാക്കിയും നാട്ടുകാരുടെ സഹായത്തിലും ജീവിതം ഒരുവിധം തള്ളിനീക്കുമ്പോഴായിരുന്നു ഇടിത്തീപോലെ ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നത്.
2022ൽ കൂട്ടുകാരനുമൊത്ത് ചെട്ടികുളങ്ങര ഭരണിക്ക് പോയി മടങ്ങവെയുണ്ടായ വാഹനാപകടമാണ് വിനോദ്‌കുമാറിന്റെ ദുരവസ്ഥക്ക് കാരണം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയതിനാൽ നഷ്ടപരിഹാരത്തിനും വഴിയില്ലാതായി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുശസ്ത്രക്രിയകൾ നടത്തിയെങ്കിലും മതിയായ ചികിത്സ തക്കസമയത്ത് ലഭിക്കാതെ പഴുപ്പ് കേറിയതിനാലാണ് കാൽ മുറിച്ചു മാറ്റേണ്ടി വന്നതെന്ന് വിനോദ്‌കുമാർ പറയുന്നു. ഇ.എം.എസ് ഭവനപദ്ധതിപ്രകാരം ലഭിച്ച തുകകൊണ്ട് വീട് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ കുട്ടംപേരൂർ സർവീസ് സഹ.ബാങ്കിൽ നിന്ന് ലോണെടുത്തു. കുടിശിക ഏറിയതോടെ പലവട്ടം ബാങ്കിൽനിന്ന് നോട്ടീസ് വരികയും അദാലത്തിൽ തീർപ്പാക്കാൻ കഴിയാതെയും വന്നതോടെ ജപ്തി നടപടികളിലേക്ക് കടക്കുകയുംചെയ്തു. കിടപ്പാടം നഷ്ടപ്പെട്ടാൽ നടക്കാൻ കഴിയാത്ത മകനെയും രോഗിയായ ഭർത്താവിനെയും കൊണ്ട് എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിക്കുന്ന സുകുമാരിക്ക് സുമനസുകളുടെ സഹായമാണ് പ്രതീക്ഷ. ഫോൺ : 8075709423. അക്കൗണ്ട് നമ്പർ: സുകുമാരി, പഞ്ചാബ് നാഷണൽ ബാങ്ക്, മാന്നാർ ബ്രാഞ്ച്, 4313001700009866, ഐ.എഫ്.എസ്.സി: PUNB 0431300.