ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ 378-ാംമത് മകരം തിരുന്നാളിനോടനുബന്ധിച്ച് ഇന്ന് സാംസ്‌ക്കാരിക ദിനമായി ആചരിക്കും. തീരദേശത്തിന്റെ ചരിത്രത്തിൽ അർത്തുങ്കലിന്റെ കലാസാംസ്‌ക്കാരിക ബൗദ്ധിക പൈതൃകം അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചരിത്രത്താളുകളിൽ വിസ്മരിക്കപ്പെട്ടവരും അല്ലാത്തതുമായ ഒട്ടനവധി കലാകാരനാരുടെയും അക്ഷര സ്‌നേഹികളുടെയും നാടാണ് അർത്തുങ്കൽ.ക്രിസ്തീയ അനുഷ്ഠാന കലകളായ ദേവസ്തവിളി , പുത്തൻപാന,അണ്ണാവി പാട്ടുകൾ തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ആശാൻമാരെയും അണ്ണാവിമാരെയും കൊണ്ട് സമ്പന്നമായിരുന്നു ഈ ദേശം. ചിത്രകലാകാരൻമാരും നാടകാചാര്യന്മാരും ഭാഗവതർമാരും ഈ നാടിന്റെ പുത്രൻമാരായി ജന്മം കൊണ്ടിട്ടുണ്ട്. ഇത്തവണ സാംസ്‌ക്കാരിക ദിനത്തിന്റെ പൊതുപരിപാടികളിൽ സ്‌നേഹ സമൂഹ കൂട്ടായ്മകളുടെ സംഗമവും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 7ന് കെ.ആർ എൽ. സി. സി ബി.സി.സി കമ്മീഷൻ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻപുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്യും. ബസിലിക്ക റെക്ടർ ഫാ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ സ്വാഗതവും സംഘാടക സമിതി പ്രതിനിധി വി.എ.സ്റ്റാലിൻ നന്ദിയും പറയും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.