
ചേർത്തല: വിദേശ ജീവിതം തേടിപോകുന്ന യുവാക്കൾ ലോക രാജ്യങ്ങളിൽ ഭാരതത്തിന്റെ മഹത്വവും മൂല്യങ്ങളും മനസിലാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ.നഗരേഷ് പറഞ്ഞു. ചേർത്തല താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എൻഡോവ്‌മെന്റുകളും സ്‌കോളർഷിപ്പുകളും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ വിതരണം ചെയ്തു. ധനസഹായ വിതരണം മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സി.ബി.മോഹനൻ നായർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എൻ.മാധവിയമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.താലൂക്ക് യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ,എൻ.എസ്.എസ് അഡീഷണൽ ഇൻസ്‌പെക്ടർ നിഖിൽ വേണു എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയാണ് വിതരണം ചെയ്തത്.