k

ലോകത്തിന്റെ തന്നെ അനശ്വര കവിയാണ്, കാവ്യരചനയെ സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതുന്ന പടവാളാക്കിയ

മഹാകവി കുമാരനാശാൻ. ആ മഹാനുഭാവന്റെ വേർപാട് സൃഷ്ടിച്ച വേദനയ്ക്ക് 100 വർഷം തികയുന്നു. കാവ്യലോകത്ത് സൂര്യതേജസായി ജ്വലിച്ചു നിൽക്കെ 1924 ജനുവരി 16-നു പുലർച്ചെ മൂന്നിന് പല്ലനയാ​റ്റിൽ, റെഡീമർ എന്നു പേരുള്ള ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് വിലപ്പെട്ട ആ ജീവൻ അകാലത്തിൽ പൊലിഞ്ഞത്.

ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായിരുന്ന കുമാരന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ ഉയർച്ചയുടെയും നാരായവേര് ഗുരുവായിരുന്നു. ഒരു വ്യക്തിയും കവിയും എന്ന നിലയിൽ ആശാന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ച ഏ​റ്റവും മഹത്തായ സംഭവവും അനുഭവവും ഏതെന്നു ചോദിച്ചാൽ അതിന് ആശാന്റെ ഉത്തരം 'എന്റെ ശ്രീനാരായണ ദർശനം' എന്നായിരുന്നു. 1891 ൽ ആകസ്മികമായാണ് ആദ്യമായി ശ്രീനാരായണ സമാഗമം സംഭവിക്കുന്നത്. ആ കുമാരനിൽ ഒളിഞ്ഞുകിടന്ന മഹത്വ ലക്ഷണങ്ങൾ ഒ​റ്റനോട്ടത്തിൽ ഗുരു തിരിച്ചറിഞ്ഞു. സംസ്‌കൃതത്തിലും തമിഴിലുമുള്ള വേദാന്തശാസ്ത്ര ഗ്രന്ഥങ്ങളിലും ഭക്തി സാഹിത്യത്തിലും ആശാൻ ജ്ഞാനം നേടിയത് ഗുരുസമ്പർക്കം മൂലമായിരുന്നു.

1895 മുതൽ 1898 വരെ ബാംഗ്ലൂരിലും പിന്നീട് 1900 വരെ കൽക്കട്ടയിലും താമസിച്ച് സംസ്‌കൃതത്തിൽ ഉന്നത പഠനം നടത്താനും ഇംഗ്ലീഷ് അഭ്യസിക്കാനും ആശാന് സാധിച്ചു. ഗുരുവിന്റെ മ​റ്റൊരു ശിഷ്യനായിരുന്ന ഡോ. പല്പുവിനെ ഗുരു ചുമതലപ്പെടുത്തിയ പ്രകാരമാണ് ഇതിനെല്ലാം അവസരം കൈവന്നത്. അന്യദേശത്തു നിന്ന് സ്വായത്തമാക്കിയ അറിവോടെയും അനുഭവസമ്പത്തോടെയും മടങ്ങിയെത്തിയ ആശാൻ അരുവിപ്പുറത്തെത്തി ഗുരുവിനൊപ്പം കൂടി ക്ഷേത്രകാര്യങ്ങൾ അന്വേഷിച്ചും കുട്ടികളെ സംസ്‌കൃതം അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടി. കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമിട്ട് ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് എസ്.എൻ.ഡി.പി. യോഗത്തിനു രൂപം നൽകിയത് ഇക്കാലത്താണ്.

അവശജന സമുദായത്തിൽപ്പെട്ട അനേകലക്ഷം 'ഇരുകാലി മാടുക'ളുടെ യഥാർത്ഥ മനുഷ്യത്വം വീണ്ടെടുക്കാനും അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുമായാണ് ഗുരുവിന്റെ രക്ഷാധികാരത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് സമാരംഭം കുറിച്ചത്. കേരളം കണ്ട ഏ​റ്റവും ഉജ്ജ്വലനായ സംഘാടകൻ കൂടിയായിരുന്നു ആശാൻ. 1903 മേയ് 15 ന് കമ്പനി ആക്ട് പ്രകാരം രൂപീകരിച്ച യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903-ൽ കുമാരനാശാൻ യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി.

1904 ൽ യോഗത്തിന്റെ മുഖപത്രമായി 'വിവേകോദയം' മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. മാസികയിൽ ആശാൻ എഴുതിയ ലേഖനങ്ങൾ പിന്നാക്കസമുദായക്കാരുടെ പള്ളിക്കൂട പ്രവേശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് കുതിരശക്തി പകർന്ന മുന്നേ​റ്റങ്ങളായി. 1903 മുതൽ 1915 വരെ 12 വർഷക്കാലം തുടർച്ചയായും 1916 മുതൽ 1919 ജൂലായ് 20 വരെയും യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി ആശാൻ പ്രവർത്തിച്ചു. സംഘടനാ പ്രവർത്തനത്തിൽ നിന്ന് ആർജ്ജിച്ച സാമൂഹിക അവബോധമാണ് ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്.

1888 ൽ തിരുവിതാംകൂറിൽ നിയമനിർമ്മാണസഭ രൂപം കൊണ്ട് പതി​റ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂരിപക്ഷമായ ഈഴവ സമുദായത്തിന് സഭയിൽ പ്രാതിനിദ്ധ്യം ലഭിച്ചിരുന്നില്ല. 'വിവേകോദയ'ത്തിൽ ഇതിനെതിരെ ആശാൻ നിരന്തരം എഴുതിയ ലേഖനങ്ങൾ ഗർജ്ജിക്കുന്ന ചാട്ടുളികളായി. തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ ഈഴവർക്ക് പ്രാതിനിദ്ധ്യം അനുവദിക്കുന്നതുവരെ ആ ഗർജ്ജനം തുടർന്നു. ശ്രീമൂലം പ്രജാസഭയിലേക്ക് സമുദായത്തിന്റെ ആദ്യ പ്രതിനിധിയായി യോഗം നിയോഗിച്ചത് കുമാരനാശാനെയായിരുന്നു.

അക്ഷരങ്ങളെ സാമൂഹ്യ മാ​റ്റത്തിനുള്ള പടവാളാക്കി മാ​റ്റിയ ആശാന്റെ കവിതകൾ കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച കൊടുങ്കാ​റ്റായി മാറി.
''തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ...'

ഇങ്ങനെയൊരു ദു:സ്ഥിതി നിലനിന്നിരുന്ന കാലത്താണ് ചാത്തൻ പുലയനെയും സാവിത്രി എന്ന നമ്പൂതിരി യുവതിയെയും പ്രണയജോഡികളാക്കി ആശാൻ 'ദുരവസ്ഥ' എഴുതിയത്. 'മാ​റ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാ​റ്റുമതുകളീ നിങ്ങളെത്താൻ' എന്ന വരികൾ ചാതുർവർണ്യത്തിനെതിരായ സിംഹഗർജ്ജനമായി.

സ്വസമുദായം ആശാനെയും തേജോവധം ചെയ്തു. യോഗം കാര്യദർശിയെന്ന നിലയിൽ ആശാന്റെ പ്രശസ്തിയും സ്വാധീനവും നാൾക്കുനാൾ വർദ്ധിച്ചതും യോഗഭരണത്തിൽ അനാവശ്യ കൈകടത്തലുകൾ അനുവദിക്കാതിരുന്നതുമാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ ഇന്നും നടക്കുന്നതുപോലുള്ള കുപ്രചാരണങ്ങൾ ആശാനു നേരെയും ഉണ്ടായിരുന്നു. ആശാന്റെ പേരിൽ ചിലർ പണാപഹരണ കു​റ്റം വരെ ചുമത്തി. ഒരുഘട്ടത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഗുരുവിനെഴുതിയ കത്തിൽ ആശാൻ വിവരിക്കുന്നുണ്ട്.

'ചിലശക്തികൾ എന്റെ ശ്രമങ്ങളെയെല്ലാം ശ്രദ്ധാപൂർവം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തിൽ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധിക ഭാഗവും അതിനോടു പോരാടി നഷ്ടപ്പെടുകയും ചെയ്യുന്നു ' എന്ന് ആശാൻ ആ കത്തിൽ പറഞ്ഞിട്ടുണ്ട്. ദീർഘകാലത്തെ ബ്രഹ്മചര്യത്തിനു ശേഷം 1917 ൽ പൊടുന്നനെ ആശാൻ വിവാഹിതനായതും ഇക്കൂട്ടരുടെ സ്വഭാവഹത്യാ ശ്രമത്തിന് കാരണമായി.എന്നാൽ ദുഷ്ടമൃഗങ്ങൾ നിറഞ്ഞ മഹാവനം പോലെ ദുർഗമമായ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ പാലിക്കേണ്ട സത്യസന്ധതയെയും ധർമ്മബുദ്ധിയെയും കുറിച്ച് ഉത്തമബോദ്ധ്യമുള്ള ആശാൻ, 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കാവ്യമെഴുതിയാണ് ആത്മവിശുദ്ധി വ്യക്തമാക്കിയത്.

1919 ൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ആശാൻ വിരമിച്ചു. പിൽക്കാലത്തെ യോഗചരിത്രം പരിശോധിച്ചാലും ആശാനു നേരിട്ടതിനേക്കാൾ ആരോപണങ്ങളും ദുഷ്പ്രചാരണങ്ങളുമാണ് ആർ. ശങ്കർ മുതൽ ഇന്നത്തെ നേതാക്കൾക്കു വരെ നേരിടേണ്ടി വന്നത്. സമാനമായ അവസ്ഥ ഇപ്പോഴും തുടരുന്നു. അടിസ്ഥാനരഹിതമായ കേസുകളുമായി ചിലർ കോടതി കയറിയിറങ്ങുന്നു. ആശാനെപ്പോലെ, എതിർത്തവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകുന്നതാണ് യോഗ നേതൃത്വത്തിന്റെ ശൈലി.