march

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് ഭേദിച്ച യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.പി പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി.

ലാത്തിച്ചാർജിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീൺ, മേഘാ രഞ്ജിത്ത് എന്നിവരുൾപ്പെടെ പത്തോളം യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാ ശങ്കർ, ഔട്ട് റീച്ച് സെൽ ജില്ലാ ചെയർമാൻ കെ. ആർ രൂപേഷ്, പത്തിയൂർ‌ മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ, സ്റ്റേറ്റ് ചെയർമാൻ അഡ്വ. മുക്താര, പ്രവർത്തകരായ ശരണ്യ, നവാസ് എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. പ്രവീണിനെയും മേഘയെയും സ്കാനിംഗിന് വിധേയരാക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നഗരത്തെ മണിക്കൂറൂകളോളം മുൾമുനയിലാക്കിയ സംഘർഷമുണ്ടായത്. ആലപ്പുഴ ടൗൺ ഹാൾ പരിസരത്ത് നിന്ന് പ്രകടനമായി കളക്ട്രേറ്റിലേക്ക് നീങ്ങിയ പ്രവർത്തകരെ നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രമ്യാ ഹരിദാസ് എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ച പ്രവ‌ർത്തകരെ വനിതാ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് മാറ്റി. ഇതോടെ പ്രവർത്തകർ പ്രകോപിതരായി. പൊലീസിന് നേരെ കൊടിക്കമ്പുകളും കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസ് പന്ത്രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകരിൽ ചിലർ ബാരിക്കേഡിന് മുകളിൽ പൊലീസിനെ വെല്ലുവിളിച്ചു. ഡിവൈ.എസ്.പി ജയരാജിനെ പിടിച്ചു വലിച്ചു.ഇതോടെയാണ് ലാത്തിച്ചാർജ് ആരംഭിച്ചത്.

ലാത്തിയടിയേറ്റ് ഓടിയ പ്രവീണിനെ വളഞ്ഞ പൊലീസ് സംഘം പിന്തുടർന്ന് അടിച്ചു. അടിയേറ്റ് നിലത്തു വീണ പ്രവീൺ നിലവിളിച്ചിട്ടും വിട്ടില്ല. ബോധരഹിതനാകും വരെ തല്ലി. നിലത്തു കിടന്ന് പുളഞ്ഞ പ്രവീണിന് ശ്വാസതടസം അനുഭവപ്പെട്ടിട്ടും ഗൗനിക്കാതെ വന്നതോടെ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ ചിലർ പൊലീസിന് നേരെ തട്ടിക്കയറി. തുടർന്നാണ് പ്രവീണുൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പ്രവർത്തകരെ അനുവദിച്ചത്.

ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. പ്രവർത്തകരെ തലയ്ക്കടിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്തു. തുടർന്ന് ജനറൽ ആശുപത്രി ജംഗ്ഷനിലേക്ക് പ്രകടനം നടത്തി പ്രവർത്തകർ പിരിഞ്ഞതോടെയാണ് നഗരം ശാന്തമായത്. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനുമുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു.