# പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ കാർ വളഞ്ഞു

ആലപ്പുഴ: നവകേരളസദസിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥർ തല്ലിച്ചതച്ചതിനെ തുടർന്ന് കേരളമാകെഅലതല്ലിയ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഇന്നലെ നഗരത്തിലും അണപൊട്ടി. നേതാക്കളെ തല്ലിയ സുരക്ഷാഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തതിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വീടാക്രമിച്ച കേസിലെ മറ്റ് പ്രതികളെ പിടികൂടാത്തതിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെയും ആത്മരോഷത്തോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴയിൽ പ്രതിഷേധത്തിനെത്തിയത്. ടൗൺ ഹാളിൽ നിന്ന് നിന്നാരംഭിച്ച പ്രകടനം ജനറൽ ആശുപത്രി ജംഗ്ഷൻ പിന്നിട്ടതോടെ യുവതികളും പെൺകുട്ടികളും ഉൾപ്പടെ യൂത്ത് കോൺഗ്രസ് പ്രതിഷേധപ്പട കളക്ടറേറ്റ് ലക്ഷ്യമാക്കി പായുകയായിരുന്നു. പിണറായിക്കും പൊലീസിനുമെതിരായ മുദ്രാവാക്യവുമായി മുന്നേറിയ പ്രവർത്തകർ റോഡിൽ നിരത്തിയ ബാരിക്കേഡുകളിലേക്ക് ഓടിക്കയറി. കൊടികൾ നാട്ടിയും രണ്ടുനിരകളിലായി കൂട്ടിക്കെട്ടിയ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചും പൊലീസിനോടുള്ള രോഷപ്രകടനം തുടർന്ന പ്രവർത്തകർ ഉദ്ഘാടനപ്രസംഗത്തിന് ശേഷം പൊലീസിനുനേരെ പോർവിളിയായി. പ്രവർത്തകർ ബാരിക്കേഡ് ഭേദിച്ചതോടെ സമരം നിയന്ത്രണം വിട്ടു. ശതാബ്ദി മന്ദിരത്തിന്റെ ഗേറ്റുകൾക്ക് മുകളിലൂടെ പൊലീസ് വലയം ഭേദിക്കാനുള്ള വനിതാപ്രവർത്തകരുടെ ശ്രമം വനിതകളുൾപ്പെടെയുള്ള പൊലീസുകാർ ഏറെ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. ശ്രമം പാളിയതോടെ പൊളിഞ്ഞുകിടന്ന മതിലുവഴി പുറത്തുചാടിയ മൂന്ന് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ നട്ടുച്ച നേരത്ത് ഒന്നര മണിക്കൂറിലേറെ സിവിൽ സ്റ്റേഷൻ റോഡ് യുദ്ധക്കളമായി.

ഒരുഡസനിലേറെ ജലപീരങ്കി പ്രയോഗം

പൊലീസിനും ജലപീരങ്കിക്കും നേരെ കൊടിക്കമ്പുകളും ചുടുകട്ടയും പാറകഷണങ്ങളും ബിയർകുപ്പികളും പറന്നതോടെ ഒരുഡസനിലേറെ തവണ പൊലീസ് ജലപീരങ്കിപ്രയോഗം നടത്തി.എന്നിട്ടുംപ്രവർത്തകരുടെ പോരാട്ടവീര്യം ശമിച്ചില്ല. ഒന്നരമണിയായിട്ടും പിന്തിരിയാതിരുന്ന പ്രവർത്തകരിൽ ചിലർ ഇതിനിടെ രണ്ട് നിരയായി പൊലീസ് വടമിട്ട് കെട്ടിയിരുന്ന ബാരിക്കേഡുകൾ ഒന്നൊന്നായി അഴിച്ചുമാറ്റിയ പ്രവർത്തകർ വിടവിലൂടെ പൊലീസിന് നേർക്ക് നടന്നടുത്ത പ്രവീണിനെ പൊലീസുകാർ വളഞ്ഞിട്ട് അടിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലായി. സംസ്ഥാന വൈസ് പ്രസി‌ഡന്റ് അരിതാ ബാബു ഉൾപ്പെടെയുള്ളവരുടെ വസ്ത്രങ്ങൾ പിടിവലിക്കിടെ കീറി. ബലംപ്രയോഗിച്ച് ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമം വാക്കേറ്റത്തിനും പൊലീസുമായി പിടിവലിക്കും കാരണമായി. ഇതിനിടെ പൊലീസിന് നേരെ പാഞ്ഞടുത്ത പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പലവഴിക്കായി ചിതറി ഓടിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതിനിടെ പരിക്ക് പറ്റിയ നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുളള തെരുവ് യുദ്ധമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് സ്ഥലത്തെത്തി. പ്രവർത്തകരെ അനുനയിപ്പിച്ചു. ഇതിനിടെ പ്രവർത്തകരിൽ ചിലർ ദേശീയ പാത ഉപരോധിക്കാനായി സംഘടിച്ചെങ്കിലും ജനറൽ ആശുപത്രി ജംഗ്ഷനിലേക്ക് പ്രകടനം നടത്തിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവർത്തക‌ർ പിരിഞ്ഞു. പ്രകടനത്തിനിടെ അതുവഴി വന്ന സി.പി.എം നേതാവും എം.എൽ.എയുമായ പി.പി.ചിത്തരഞ്ജന്റെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.