ph

കായംകുളം: കായംകുളത്ത് യു.പ്രതിഭ എം.എൽ.യും നഗരസഭ ചെയർപേഴ്സൺ പി.ശശികലയും തമ്മിലുള്ള പോര് പരിധി വിട്ട് പുറത്തേക്ക്. ഇരുവരുടെ സൗന്ദര്യ പിണക്കങ്ങൾക്ക് ഇത്തവണ ബലിയാടായത് പാലിയേറ്റീവ് രോഗികളും അവരുടെ ബന്ധുക്കളുമാണ്. എം.എൽ.എ ആദ്യം വരാതെ ചെയർപേഴ്സൺ എത്തില്ല, ചെയർപേഴ്സൺ വന്ന് കാത്തിരിക്കാതെ എം.എൽ.എയും വരില്ല എന്നായിരുന്നു ഇരുപക്ഷക്കാരുടെ വാശി. കുറച്ചുകാലയമായി ഇവർ ജനങ്ങളെ വട്ടം ചുറ്റിക്കുകയാണ്.കായംകുളം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്ന രോഗികളുടെയും ബന്ധുക്കളുടെയും സംഗമത്തിലാണ് ഇരുവരുടെയും അഹംഭാവം കാരണം രോഗികൾ കണ്ണീരോടെ മടങ്ങിയത്.രാവിലെ 10.30 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ഉദ്ഘാടകയായ യു.പ്രതിഭ എം.എൽ.എയും അദ്ധ്യക്ഷയായ നഗരസഭ ചെയർപേഴ്സൺ പി.ശശികലയും ഉച്ചയ്ക്ക് 12.30 ആയിട്ടും ചടങ്ങിലേക്ക് എത്തിയില്ല.

11 മണിയോടെ പ്രതിഭ എത്തിയെങ്കിലും ചെയർപേഴ്സൺ എത്തിയിട്ടില്ലന്ന് മനസിലാക്കിയതോടെ കാറിൽ നിന്ന് ഇറങ്ങാതെ മടങ്ങി. അവസാനം വാർഡ് കൗൺസിലർ കെ. പുഷ്പദാിന്റെ നിർബന്ധപ്രകാരം പന്ത്രണ്ടരയോടെ യോഗം തുടങ്ങിയപ്പോഴാണ് ചെയർപേഴ്സൺ പി.ശശികല എത്തിയത്. കുറച്ച് കഴിഞ്ഞ് പ്രതിഭയും എത്തി. ഇരുവരും സി.പി.എം പ്രതിനിധികളാണ്. ഉച്ചയോടെ യോഗം തുടങ്ങിയെങ്കിലും രാവിലെ 9 മണിമുതൽ ഇവരെയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്ന അവശരായ രോഗികളും അവരുടെ ബന്ധുക്കളും പലരും കണ്ണീരോടെ മടങ്ങിയിരുന്നു. തൊണ്ണൂറും നൂറും വയസുള്ള കിടപ്പ് രോഗികൾ അവർക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിതരണം കൂടി ഉള്ളതുകൊണ്ടാണ് പരസഹായത്തോടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.