
അമ്പലപ്പുഴ: റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ.
ആലപ്പുഴ സ്‌റ്റേഡിയം വാർഡ് തപാൽപറമ്പ് വീട്ടിൽ സാദിഖ് (തൊത്തി സാദിഖ്- 54),പവ്വർ ഹൗസ് റോഡിൽ പുരുഷോത്തമ ബിൽഡിംഗിൽ മജുവും (53) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. വസ്‌തുനൽകാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയിൽ നിന്ന്
പലപ്പോഴായി പതിനെട്ട് ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയാണ് സാദിഖ്. ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസിലെ പ്രതിയാണ് സാദിഖ്. ഒരു വർഷത്തോളമായി പല ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്.
സാദിഖിക്കിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിലെ പ്രതിയായ മജു. 15 വർഷത്തോളമായി മുങ്ങിനടക്കുകയായിരുന്ന മജുവിനെ അറസ്റ്റുചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസിന് കൈമാറി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ജെ ടോൾസൺ, എ.എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ സജിത്ത്കുമാർ, സി.പി.ഒ മാരായ സിദ്ധിഖ് ഉൾ അക്ബർ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.