
മാന്നാർ: മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ വായിച്ച് പഠിച്ച അനന്തുവും അല്ലുവും, വൈദ്യുതിവെട്ടത്തിൽ പഠനം നടത്തുമ്പോൾ നന്ദി പറയുകയാണ് നവകേരള സദസിനും മാന്നാർ കെ.എസ്.ഇ.ബിക്കും. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുക്കത്ത് കോളനിയിൽ അജയകുമാർ, ബിൻസി ദമ്പതികളുടെ മക്കളാണ് മാന്നാർ നായർ സമാജം സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ അനന്തു അജയകുമാറും, പത്താം ക്ലാസ് വിദ്യാർത്ഥിയായ അല്ലു അജയകുമാറും. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരി വെളിച്ചത്തെയും ആശ്രയിച്ച് ജീവിതം നയിച്ച ഇവരുടെ വീട്ടിലേക്ക് വൈദ്യുതി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് ഇവർ. കൂലിപ്പണിക്കാരനായിരുന്ന അജയകുമാറിന് ഹൃദ്രോഗത്തെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ, അടുത്തിടെ അങ്കണവാടി ഹെൽപ്പറായി ജോലി കിട്ടിയ ഭാര്യ ബിൻസിയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിന്റെ മരുന്നുകൾക്കും, മക്കളുടെ പഠന ചെലവുകളും, വീട്ടു ചെലവുകളും ബിൻസിയുടെ തുച്ഛമായ വരുമാനത്തിൽ ഒതുങ്ങിയിരുന്നില്ല. അതിനാൽ വൈദ്യുതി എന്നത് ഇവർക്ക് ഒരു സ്വപ്നമായിമാറി. താല്‍ക്കാലികമായി ഷീറ്റ് കൊണ്ട് നിർമ്മിച്ച കൂരയ്ക്കുള്ളിലായിരുന്നു ഇവരുടെ താമസം. മെഴുകുതിരി വെട്ടത്തിൽ പഠിക്കുന്ന കുട്ടികളുടെ ദുരവസ്ഥ, സി.പി.എം ഇരമത്തൂർ ബ്രാഞ്ച് സെക്രട്ടറിയും കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ജോ.സെക്രട്ടറിയുമായ സിബു വർഗീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിൻസി പരാതി എഴുതി നൽകുകയും ചെങ്ങന്നൂരിൽ നടന്ന നവകേരള സദസിൽ അത് സമർപ്പിക്കുകയും ചെയ്തു. ബിൻസിയുടെ പരാതിയിൽ ഉടനടി വൈദ്യുതി കണക്ഷൻ നൽകി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചതോടെ കെ.എസ്.ഇ.ബി മാന്നാർ സെക്ഷന്റെ നിർദ്ദേശപ്രകാരം മാന്നാറിലെ ഇലക്ട്രിക്കൽ കോൺട്രാക്ടറായ ശശിധരൻ സൗജന്യമായി വയറിംഗ് ജോലികൾ ചെയ്തു നൽകുകയും, കെ.എസ്.ഇ.ബി ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ നൗഷാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനു വി.ഉണ്ണിത്താൻ, മാന്നാർ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ബിനോയ്, സബ് എൻജിനിയർമാർ, ലൈൻമാൻമാർ എന്നിവരുടെ നേതൃത്വത്തിൽ 12ന് വൈദ്യുതി കണക്ഷൻ നൽകി. കൂടാതെ ഈ വീട്ടിലേക്ക് രണ്ട് ഫാൻ വാങ്ങി നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.