കുട്ടനാട്: അർബുദരോഗം ബാധിച്ച് റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയിലുള്ള അഭിനവിന്റെ ശസ്ത്രക്രിയയ്ക്കായി നാട് ഒരേ മനസ്സോടെ ഒറ്റദിവസംകൊണ്ട് സമാഹരിച്ചത് പത്തരലക്ഷത്തോളം രൂപ. തലവടി പഞ്ചായത്ത് 13ാം വാർഡ് കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിന്റെയും സനിലകുമാരിയുടേയും മൂത്തമകൻ അഭിനവിന് വേണ്ടി,​ തലവടി പഞ്ചായത്തിലെ 8 മുതൽ 13 വരെയുള്ള വാർഡുകളിലെയും എടത്വാ പഞ്ചായത്തിലെ 7,8,9 വാർഡുകളിലെയും ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ,​ സംഘടനാഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത്രയും തുക ഒറ്റദിവസംകൊണ്ട് സമാഹരിച്ചത്. കൺവീനർ ജോജി എബ്രഹാം അംഗങ്ങളായ കലാ മധു, സുജ സ്റ്റീഫൻ, പ്രിയ അരുൺ, ബിന്ദു എബ്രഹാം,​ എടത്വാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോർജ്ജ്, സ്റ്റാർലി ജോസഫ്, ബിജു ജോർജ് എന്നിവരിൽ നിന്ന് ജനറൽ കൺവീനർ എൻ.പി.രാജൻ, ചെയർമാൻ രമേശ് വി.ദേവ്, ട്രഷറർ പി.സി.അഭിലാഷ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, വൈസ് ചെയർപേഴ്സൺ അനിത ഷാജി, പബ്ലിസിറ്റി കോർഡിനേറ്റർമാരായ ബിനോയി ജോസഫ്, മനോജ് മണക്കളം എം.എസ്.സുനിൽ,​ പി.എസ്.സിന്ദു,​ ജോയിന്റ് കൺവീനർ വി.വി.മണിദാസ്,​ റെൻസി പനയ്ക്കൽ, ജിനോ മണക്കളം, വി.എസ് സുലേഖ, മനോജ് മുൂക്കാംന്തറ എന്നിവർ സംബന്ധിച്ചു.