ആലപ്പുഴ: പ്രതിപക്ഷ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന ഹിറ്റ്ലറായി പിണറായി വിജയൻ മാറിക്കഴിഞ്ഞെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഇത് തെളിയിക്കുന്നതാണ് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിന് നേർക്ക് നടന്ന പൊലീസ് നരനായാട്ട്. മർദ്ദനത്തിൽ പരിക്കേറ്റ പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ച പിണറായി വിജയന്റെ പൊലീസ് നടപടി ,മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെപ്പോലും നാണിപ്പിക്കുന്നതാണ്.പരിക്കേറ്റവരെ പൊലീസ് സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറാകാതിരുന്ന നടപടി മാർക്സിസ്റ്റ് ഭീകരതയുടെ പര്യായമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.