ആലപ്പുഴ: സർക്കാർ ഓഫീസുകൾക്ക് ഒപ്പം പൊതുസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യം ഉയരുന്നു. ഉത്തരവിറങ്ങി വർഷങ്ങളായിട്ടും ജില്ലയിലെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ കേന്ദ്രമാക്കുന്നതിനുള്ള നടപടി എങ്ങുമെത്തിയില്ല. സർക്കാർ സ്ഥാപനങ്ങൾ പോലെ പൊതുസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർ കഷ്ടപെടുന്ന കാഴ്ചയാണ് എങ്ങും. ഭിന്നശേഷിക്കാർക്കായി പൊതുശൗചാലയം ജില്ലയിൽ ഒരിടത്തുമില്ല. ആതുരാലയങ്ങൾ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബാങ്കുകൾ, ഇതര സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ എത്തുന്ന ഭിന്നശേഷിക്കാർക്കാർ ദുരിതമനുഭവിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്താൽ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയും.

സൗകര്യങ്ങൾ പരിമിതം

1.ജില്ലാ ഭരണകേന്ദ്രം ഒഴികെ പ്രധാന ഓഫീസുകളിൽ പോലും സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.ഭിന്നശേഷിക്കാർ ദിവസേന ആശ്രയിക്കുന്ന ക്ഷേമനിധി ഓഫീസുകളിലും ആവശ്യത്തിന് സൗകര്യം ഇല്ല. ചില ഓഫീസുകളിൽ റാമ്പും ലിഫ്ടും മാത്രമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.

2. ജില്ലാ പഞ്ചായത്തിലും നഗരസഭാ കെട്ടിടത്തിലും ഭിന്നശേഷിക്കാർ പടി കറയറി പോകണം. പുതിയതായി നിർമ്മിച്ച ഹരിപ്പാട് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുളള എല്ലായിടത്തും ഭിന്നശേഷിക്കാർക്ക് സുഗമമായി കയറി ഓഫീസുകളിൽ എത്താനോ വിശ്രമിക്കാനോ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

3.ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി ആഫീസിലും ക്ഷേമനിധി ഓഫീസിലും എത്തുന്നവർക്ക് പരസഹായം തന്നെ ആശ്രയം. ലിഫ്റ്റ് ഉണ്ടെങ്കിലും പലപ്പോഴും പണിമുടക്കിലായിരിക്കും. താലൂക്ക് ആസ്ഥാനങ്ങളിലും മറ്റ് സർക്കാർ ഓഫീസുകളിലും ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിമുക്തത കാട്ടുന്നു.

''ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് റാമ്പ്, ലിഫ്റ്റ്, ഇരിപ്പിടം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉത്തരവ്. വില്ലേജ് ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി ബാരിയർ ഫ്രീ കേരള പദ്ധതി നടപ്പാക്കി വരുന്നു, 28വില്ലേജുകളിൽ പൂർണ്ണമായും എട്ടിടത്ത് ഭാഗികമായും പൂർത്തീകരിച്ചു

- ഹബിൻ, ജില്ലാഓഫീസർ,<സാമൂഹ്യനീതി വകുപ്പ്

"ഭിന്നശേഷിക്കാർക്ക് ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും റാമ്പ്, ലിഫ്റ്റ്, ഇരിപ്പിടം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇവർക്ക് ഉപയോഗിക്കാൻ കഴിയുന്നതിനായി ശൗചാലയം നിർമ്മിക്കണം.

-ആർ.പ്രദീപ്, ജില്ലാ പ്രസിഡന്റ്, സ്പെഷ്യാലി ഏബിൾഡ് ആൻഡ് ഡിസേബിൽഡ് പീപ്പിൾസ് യൂണിയൻ (എ.ഐ.ടി.യു.സി)

ബാരിയർ ഫ്രീ കേരള പദ്ധതി

പൂർത്തികരിച്ചത്: 28 വില്ലേജുകളിൽ

ഭാഗികം: 8