
ആലപ്പുഴ: ഭരണം കൊണ്ട് മാത്രം ജനകീയ പ്രശ്‌നങ്ങൾ തീരുന്നില്ലെന്നത് മാർക്‌സിസമാണെന്നും, നേതാക്കളായ തങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന അക്കാര്യം ചൂണ്ടിക്കാട്ടാൻ എം.ടി. വാസുദേവൻ നായർ വരേണ്ട ആവശ്യമില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.
എം.ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലർക്ക് ഭയങ്കര ഇളക്കമാണ്. നേരിട്ട് പറയാതെ എം.ടി പറഞ്ഞത് ഏറ്റു പറയുന്നത് ഭീരുത്വമാണെന്നും, കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവെ അദ്ദേഹംപറഞ്ഞു.ടി.പത്മനാഭൻ മാത്രം പ്രതികരിച്ചില്ല. ഇടതുപക്ഷം ജനകീയ പ്രശ്‌നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തിരുന്നാലും ഭരണത്തിലിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇ.എം.എസ് പറഞ്ഞതാണ്. ഭരണം കൊണ്ടു മാത്രം ജനകീയ പ്രശ്‌നങ്ങൾ തീരില്ലെന്നാണ് ഇ.എം.എസ് പറഞ്ഞതിന്റെ അർത്ഥം. അത് മാർക്‌സിസമാണ്. പഠിച്ചവർക്കേ അറിയു. വായിച്ചു പഠിക്കണം.
സർക്കാരിനോടല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എം.ടി പറഞ്ഞത് ഒരാളെപ്പറ്റിയാണോ ,പലരെക്കുറിച്ചാണോ എന്ന തർക്കമുണ്ട്. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. എം.ടി ജനങ്ങളോടാണ് പറഞ്ഞത്. എം.ടിയുടെ പ്രസംഗത്തെ ബൗദ്ധിക ബോധത്തോടെ സമീപിക്കാതെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.. താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല പാർട്ടി നയങ്ങളാണ്. 60 വർഷമായി തനിക്ക് പാർട്ടി അംഗത്വമുണ്ട്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയർ താനാണ്.അതേസമയം, എം.ടി പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞതായി ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ജി.സുധാകരൻ പിന്നീട് പ്രതികരിച്ചു.
എം.ടിക്ക്അഭിപ്രായം പറയാൻസ്വതന്ത്ര്യം: മന്ത്രി സജിചെറിയാൻ
എം.ടിക്ക് എന്നഹപോലെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യമുണ്ടന്നും അതിൽ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലന്നും മന്ത്രി സജിചെറിയാൻ. പൂന്തുറയിൽ രണ്ടാംഘട്ട ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി തന്നെ അനുമതി നൽകിയിട്ടുണ്ട്.വിശ്വാസമുള്ളവർ അഭിപ്രായം പറയാം.അതിനെ വിവാദമാക്കേണ്ടെന്നും ഗായിക ചിത്രയുടെ വിഷയത്തിൽ മന്ത്രി പ്രതികരിച്ചു.