praveen

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീണിനെ കൊല്ലാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. കരുവന്നൂരിലേത് സി.പി.എം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണ്. വസ്തുതകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല ഡി.ജി.പിക്ക് കത്തും നൽകി. കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന എം.പി.പ്രവീണിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.