
ചേർത്തല: കുമാരനാശാൻ സമുദായത്തിന് നൽകിയ സംഭാവനയും സംഘടനയ്ക്ക് പകർന്നു നൽകിയ കരുത്തും വിസ്മരിക്കാനാവാത്തതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന യോഗംഡയറക്ടർ ബോർഡ് യോഗത്തിൽ കുമാരനാശാനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന കുമാരന്റെ ഭൗതീകവും ആത്മീയവുമായ എല്ലാ ഉയർച്ചയുടെയും നാരായ വേര് ഗുരുവായിരുന്നു. അക്ഷരങ്ങളെ സാമൂഹ്യ മാറ്റത്തിനുള്ള പടവാളാക്കി മാറ്റിയ ആശാന്റെ കവിതകൾ കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച കൊടുങ്കാറ്റായി മാറ്റി. സംഘടനാ പ്രവർത്തനത്തിൽ നിന്ന് ആർജ്ജിച്ച സാമൂഹിക അവബോധമാണ് ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തി വിശേഷം പ്രദാനം ചെയ്തത്. ആശാന്റെ വേർപാട് സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടായെങ്കിലും ആ ഭാവനയും ചിന്തയും കവിതയും സൂര്യ തേജസായി ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.അധികാരികളോട് അപ്രിയസസത്യങ്ങൾ തുറന്ന് പറയാൻ ഒരിക്കലും ആശാൻ മടിച്ചിരുന്നില്ല. വിയോജിപ്പുകൾ മാന്യമായി അവതരിപ്പിക്കാനും എതിർപ്പിലും പരസ്പര വിശ്വാസം നിലനിർത്താനും ശ്രദ്ധിച്ച ആശാന്റെ ശൈലി സമകാല കേരളത്തിന് ഇപ്പോഴും മാതൃകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവിനെയും കുമാരനാശാനെയും ചേർത്തുഹവച്ച ഛായാചിത്രത്തിന് മുന്നിൽ വെള്ളാപ്പള്ളി വിളക്ക് തെളിച്ചു. ബോർഡ് അംഗങ്ങൾ പുഷ്പാർച്ചനനടത്തി. പ്രസിഡന്റ് ഡോ.എം.എൽ.സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു.