
ആലപ്പുഴ: പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന നിയമം നിലനിൽക്കേ, നഗരത്തിലെ പുത്തൻ നിർമ്മിതികൾ വിഭിന്നമാകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഏറ്റവും പുതിയനിർമ്മിതിയായ ഇരുമ്പുപാലം പോലും ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ സാധിക്കാത്ത തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹൗസ് ബോട്ട് മാതൃകയിലുള്ള പാലത്തിൽ പ്രവേശിക്കാൻ ഇരു കരകളിലും പടിക്കെട്ടുകളാണ് നൽകിയിരിക്കുന്നത്. ഒരു കരയിൽ തന്നെ രണ്ട് വശങ്ങളിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കാനാകും. ഇതിൽ ഒരു ഭാഗമെങ്കിലും റാമ്പ് സ്ഥാപിച്ചാൽ പുത്തൻ പാലത്തിൽ നിന്ന് കാഴ്ച്ചകൾ ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്കും സാധിക്കും. കനാൽകാഴ്ച്ചകൾക്ക് പുറമേ, എഫ്.എം റേഡിയോ, ലൈറ്റിംഗ് സംവിധാനങ്ങൾ, സെൽഫി പോയിന്റ് എന്നിവയടക്കമാണ് പാലം ഒരുങ്ങുന്നത്. നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് ഭിന്നശേഷി വിഭാഗക്കാർ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തിയത്.. ആലപ്പുഴ ബീച്ച്, ഹൗസ് ബോട്ട് ടെർമിനൽ അടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നും ഭിന്നശേഷിക്കാർക്കായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടില്ല. ബീച്ചിൽ കടൽപ്പാലത്തോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് റാമ്പ് സൗകര്യം ഒരുക്കിയെങ്കിലും അത് സ്ഥാപിച്ചപ്പോൾ മുതൽ ഉപയോഗശൂന്യമാണ്.
........
''ഭിന്നശേഷി സൗഹൃദവും ചേർത്തുപിടിക്കലും പ്രസംഗത്തിലും എഴുത്തിലും മാത്രമായി ചുരുങ്ങിപ്പോകരുത്.
ജാഫർ പുന്നപ്ര, ജില്ലാ സെക്രട്ടറി, വീൽ ചെയർ അസോസിയേഷൻ
''വിമർശനം ശ്രദ്ധയിൽപ്പെട്ടു. ഇന്ന് തന്നെ മുനിസിപ്പൽ എൻജിനീയറുമായി വിഷയം ചർച്ച ചെയ്ത് സാധ്യതൾ പരിശോധിക്കും.
പി.എസ്.എം.ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ