മാന്നാർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മാന്നാർ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും തൈപ്പൂയ മഹോത്സവവും നാളെ മുതൽ 26വരെ നടക്കും. നാളെ രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിൽ ചന്ദ്രശേഖരൻ ചെട്ടികുളങ്ങര യജ്ഞാചാര്യനും ജയചന്ദ്രൻ മാന്നാർ, രാജീവ് മാവേലിക്കര എന്നിവർ യജ്ഞ പൗരാണികരുമായിരിക്കും. ക്ഷേത്രതന്ത്രി തിരുവല്ല പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ദാമോദരശർമ്മ എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ദിവസേന രാവിലെ 8ന് ഭാഗവത പറയണം, ഉച്ച്ക്ക് 1മുതൽ അന്നദാനം എന്നിവ നടക്കും. 22ന് രാവിലെ 11.45ന് രുഗ്മിണീ സ്വയംവരം. ഊരുമഠം ദേവീക്ഷേത്രത്തിൽ നിന്ന് രുഗ്മിണിയെ അണിയിച്ചൊരുക്കി വരണമാല്യവുമായി വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ യജ്ഞശാലയിലേക്ക് ആനയിക്കും. ഉച്ചക്ക് 12മുതൽ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് വിശേഷാൽ പൂജ. 24ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മൂർത്തിട്ട ജംഗ്ഷൻ വഴി സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തി കടമ്പാട്ട് ജംഗ്ഷൻ വഴി കുന്നുംപുറം, മുട്ടങ്കേരിൽ കലുങ്ക് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഭാഗവത സമർപ്പണം നടക്കും. 26ന് തൈപ്പൂയ മഹോത്സവം. രാവിലെ 9മുതൽ കാവടി വരവ് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കുറ്റിയിൽ ജംഗ്ഷൻ വഴി വിഷവർശ്ശേരിക്കര ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്കക്ക് 12മുതൽ കാവടി അഭിഷേകം, രാത്രി 7മുതൽ സേവാ, 8.30മുതൽ നാടൻപാട്ട് എന്നിവ നടക്കും.