ആലപ്പുഴ: ജില്ലയിലെ ബാങ്കുകൾ 2023-24 സാമ്പത്തിക വർഷത്തിൽ 9682 കോടി രൂപ വായ്പ നൽകി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് വിലയിരുത്തൽ നടന്നത്.സാമ്പത്തിക വർഷം 12,500 കോടി രൂപയാണ് ജില്ലയിൽ വായ്പയായി നൽകാൻ ലക്ഷ്യമിട്ടിരിക്കുന്നത്. 77.46 ശതമാനം ആദ്യതെ 6 മാസം കൊണ്ട് തന്നെ കൈവരിച്ചു. ജില്ലയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 47839 കോടി രൂപയും വായ്പ 29231 കോടി രൂപയുമായി ഉയർന്നു. സി.ഡി റെഷ്യോ 61 ശതമാനമായി ഉയർന്നു.
മുൻഗണനാ മേഖലകൾക്ക് (പ്രയോറിറ്റി സെക്ടർ) 6527 കോടി രൂപയാണ് നൽകിയത്. വാർഷിക ബഡ്ജറ്റിന്റെ 66.40 ശതമാനമാണിത്. മുൻഗണനേതര മേഖലകൾക്കു ( നൊൺ-പ്രയോറിറ്റി സെക്ടർ) 3156 കോടി രൂപയാണ് നൽകിയത്. വാർഷിക ബഡ്ജറ്റിന്റെ 118.18 ശതമാനമാണിത്. മുൻഗണനാ മേഖലയിൽ 82 ശതമാനവും മുൻഗണനേതര മേഖലയിൽ 218 ശതമനാവും വായ്പയായി നൽകിയ അമ്പലപ്പുഴ ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. എ.ഡി.എം എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജിയണൽ മാനേജർ ജൂഡ് ജെറാർത്ത്, ലീഡ് ബാങ്ക് മാനേജർ എം.അരുൺ, ആർ.ബി.ഐ (എൽ.ഡി.ഒ) മാനേജർ ശ്യാം സുന്ദർ, നബാർഡ് ഡി.ഡി.എം. ടി.കെ. പ്രേംകുമാർ, സാമ്പത്തിക സാക്ഷരത കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
....
# പി.എം. ജനശക്തി പദ്ധതി മുന്നോട്ട്
എല്ലാ വിഭാഗം ജനങ്ങൾക്കും അപകടമരണ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.ജനശക്തി പദ്ധതി ജില്ലയിൽ മുന്നേറുന്നു. നബാർഡ്, ലീഡ് ബാങ്ക്, ആർ.ബി.ഐ. എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വയലാർ പഞ്ചായത്തിലെ 6 വാർഡുകളും കടക്കരപ്പള്ളി പഞ്ചായത്തിലെ 4 വാർഡുകളും പട്ടണക്കാട് പഞ്ചായത്തിലെ 2 വാർഡുകളിലും ഇതിനകം സമ്പൂർണമായി പദ്ധതി നടപ്പാക്കി. നബാർഡ് ജില്ലാ മാനേജർ പ്രേം കുമാർ തയ്യാറക്കിയ 2024-25 വർഷത്തേക്കുള്ള പോട്ടൻഷിയൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ എ. എം. ആരിഫ് എം.പി പ്രകാശനം ചെയ്തു.