mobile-tower

# ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചു

മാന്നാർ: പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്ക് മൊബൈൽ ടവറിൽ തീപിടിച്ചു. പരുമല പന്തപ്ലാതെക്കേതിൽ പി.പി.അനന്തൻ ആചാരിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ടവറിൽ ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി കമ്പനികളുടെ മൊബൈൽ സിഗ്നലുകൾ നൽകുന്ന ടവറിനാണ് തീപിടിച്ചത്. ടവറിനോട് ചേർന്നുള്ള കൺട്രോൾ റൂമിൽ നിന്നാണ് തീ പടർന്നത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കെട്ടിടത്തിന് മുകളിൽ നിന്ന് പുകഉയരുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനാൽ വൻ അപകടം ഒഴിവായി. തിരുവല്ല,​ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാലു യുണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.