
ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 25 ഗ്രാം മെത്താഫിറ്റമിനും 334 ഗ്രാം കഞ്ചാവും ഒന്നര ലിറ്റർ കർണാടക മദ്യവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. മുല്ലാത്ത് വളപ്പ് വാർഡിൽ കടവത്ത്‌ശേരി വീട്ടിൽ കെ.എസ്.നിധീഷ് (27), തിരുവമ്പാടി വാർഡ് നന്ദാവനം വീട്ടിൽ വി.വിനോദ് (24) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഏതാനും നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവർ സ്ഥിരമായി എറണാകുളം, ബാംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മാരകമായ മയക്കു മരുന്നുകൾ ആലപ്പുഴയിൽ എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ
എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അക്ബർ, ആന്റണി.കെ.ഐ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബിയാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ്.ആർ, മുസ്തഫ. എച്ച്, ടി.അനിൽകുമാർ, കെ.എസ്.ഷഫീക്ക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു