മാന്നാർ: മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികത്തിന്റെ ഭാഗമായി യുഗപ്രഭാവനായ ആശാന്റെ സ്മരണയ്ക്ക് മുന്നിൽ ഒരു നിർദ്ധന കുടുംബത്തിന്റെ ഭവന പുനരുദ്ധാരണം 'ചോരാത്തവീട് പദ്ധതി'യിൽ പൂർത്തീകരിച്ച് കൊടുക്കുമെന്ന് ചോരാത്തവീട് പദ്ധതി ചെയർമാനും കുമാരനാശാൻ സ്മാരക സമിതിയംഗം കൂടിയായ കെ.എ കരീം പ്രഖ്യാപിച്ചു. മാന്നാർ കുട്ടംപേരൂരിലെ ഒരു നിർദ്ധന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്.സുമനസുകളുടെ സഹായത്തോടെ ചോരാത്തവീട് പദ്ധതിയിൽ നിർമ്മിക്കുന്ന 47-ാംമത്തെ വീടാണ് കുമാരനാശാന്റെ സ്മരണാർത്ഥം നിർമ്മിച്ച് നൽകുന്നത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടുകളുടെ ദയനീയ കാഴ്ചകളാണ് 2015ൽ കെ.എ. കരീമിനെ ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ പ്രേരിപ്പിച്ചത്. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ഈ പദ്ധതിയുടെ മൂലധനം സുമനസ്സുകളുടെ സഹായം മാത്രമാണ്. വീട് നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ സുമനസുകളിൽ നിന്നും സ്വീകരിച്ചാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.