ration-card-kaimarunnu

ബുധനൂർ: വർഷങ്ങളായി റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട വിധവയ്ക്ക് നവകേരള സദസ് തുണയായി. നവകേരള സദസിൽ നൽകിയ അപേക്ഷ പരിഗണിച്ച് ബുധനൂർ ഗ്രാമപഞ്ചായത്ത് എണ്ണക്കാട് ലക്ഷം വീട് കോളനിയിൽ കാർത്തികയ്ക്കാണ് റേഷൻ കാർഡ് ലഭ്യമായത്. കാർത്തികയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തതാണ്. സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത, വിധവയും മൂന്ന്മക്കളുടെ മാതാവുമായ കാർത്തിക സഹോദരിയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. പ്ലസ്‌ടു യോഗ്യത മാത്രമുള്ള കാർത്തിക വീട്ടുജോലികൾ ചെയ്ത് പ്രാഥമിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ, ഡി.സി.എ, ഡാറ്റ എൻട്രി എന്നിവ പാസായശേഷം നിലവിൽ ഗ്രാമം കെ.വി.വി.ജെ.ബി എൽ.പി സ്‌കൂളിൽ താത്കാലിക ജോലി നോക്കുകയാണ്. റേഷൻ കാർഡില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടിനുപോലും അപേക്ഷ നൽകാൻ കഴിയാതെ ജീവിത പ്രതിസന്ധിയിലായിരുന്ന കാർത്തികയ്ക്ക് , ഇനി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാൻ കഴിയുമെങ്കിലും വീടെന്ന സ്വപ്നം പൂവണിയാൻ സുമനസുകൾ കനിയണം. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു കാർത്തികയ്ക്ക് റേഷൻ കാർഡ് കൈമാറി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.രാജേഷ്കുമാർ, സുജാത മുരളി, സെക്രട്ടറി മനോജ്‌കുമാർ, എച്ച്.സി.വിമൽകുമാർ, സേതുമാധവൻ എന്നിവർ പങ്കെടുത്തു.