
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ ആശുപത്രി മുഖേന നടപ്പിലാക്കുന്ന ഫിസിയോതെറാപ്പി അനുബന്ധ പ്രവൃത്തികൾ എന്ന പദ്ധതി പ്രകാരം നിർമ്മിച്ച കൃത്രിമ കാലുകളുടെയും, ഓർത്തോസിസിന്റെയും വിതരണ ഉദ്ഘാടനം എച്ച്.സലാം നിർവ്വഹിച്ചു. ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച പൾമണറി റീഹാബിലിറ്റേഷൻ യൂണിറ്റ് നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിംഗ് സെൻറർ മുഖാന്തരം നിർമ്മാണം പൂർത്തീകരിച്ച അഞ്ച് കൃത്രിമ കാലുകളുടെയും 24 ഓർത്തോസിസുകളുടെയും വിതരണമാണ് പൂർത്തീകരിച്ചത്. ജനറൽ ആശുപത്രിയിൽ ആദ്യമായി തുടങ്ങുന്ന ശ്വാസകോശ രോഗികൾക്കുള്ള ന്യൂതന ചികിത്സാ സംവിധാനമായ പൾമനറി റീഹാബിലിറ്റേഷൻ സെന്ററിൽ ഇത്തരം രോഗികൾക്കുള്ള പരിശീലനവും ബോധവത്കരണവും, മാനസിക സംഘർഷ നിവാരണ മാർഗങ്ങൾ, പുകവലി നിർമ്മാർജ്ജന ചികിത്സാ പരിശീലനവും ഉൾപ്പടെയുളളവ ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, ആർ.വിനീത, കൗൺസിലർമാരായ പി.എസ്.ഫൈസൽ, ബി.നസീർ, ജ്യോതി, ലിന്റ ഫ്രാൻസിസ്, ക്ലാരമ്മ പീറ്റർ, മോനിഷ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ, ഡോ.എം.സിന്ധു, ഡോ.പ്രിയദർശൻ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ അജയ് സുധീന്ദ്രൻ, എം.വി.ഹൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.