ph

കായംകുളം: കായംകുളം കൃഷ്ണപുരത്ത് പണി നടക്കുന്ന ദേശീയപാതയിൽ പാലത്തോട് ചേർന്ന് രൂപപ്പെട്ടകുഴി അപകട ഭീഷണി ഉയർത്തുന്നു. ദേശീയപാത 66 ൽ മുക്കട പാലത്തിനോട് ചേർന്ന് തെക്കുവശത്താണ് കുഴി രൂപം കൊണ്ടത്. മലയൻ കനാലിനു കുറുകെയുള്ള പാലത്തിനു സമീപത്തെ കുഴി കാൽനടയാത്രികർക്കും ഇരു ചക്ര വാഹനയാത്രക്കാർക്കുമാണ് ഭീഷണിയാകുന്നത്. ദിവസം കഴിയുംതോറും കുഴി വലുതാകുന്നതിനാൽ വലിയ വാഹനങ്ങളും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. ദേശീയപാത നവീകരണം നടത്തുന്ന കമ്പനിക്കാണ് നവീകരണം പൂർത്തിയാകുന്നതു വരെ ദേശീയപാതയുടെ അറ്റകുറ്റപ്പണികൾനടത്തേണ്ട ചുമതല. കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങളായിട്ടും ഇവിടെ അപകടസൂചന കാണിക്കുന്ന അടയാളങ്ങളോ കുഴി നികത്താനാവശ്യമായ നടപടികളോ ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.

ദേശീയപാതാ നിർമാണ കമ്പനി ഇവിടെ ഒരു കമ്പി സ്ഥാപിച്ചെങ്കിലും ഇത് ഒടിഞ്ഞ നിലയിലാണ്. കുഴി നികത്തുന്നത് വൈകിയാൽ വലിയ അപകടങ്ങൾക്ക് കാരണമാകും. പാലത്തോട് ചേർന്ന് ഫുട്പാത്ത് ആരംഭിക്കുന്ന ഭാഗത്താണ് കുഴി.ഫുട്പാത്ത് ഇടിഞ്ഞു താഴ്ന്ന് തോട്ടിലേക്ക് വീഴുന്ന തരത്തിലാണ് കുഴി രൂപം കൊണ്ടിട്ടുള്ളത്.

---------------

''രാത്രികാലങ്ങളിൽ കാൽ നാടക്കാർക്ക് കെണിയാമ് കുഴി.വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് കുഴി നികത്താൻ അധികൃതർ നടപടി സ്വീകരിക്കണം.

ആർ.അജയകുമാർ,യാത്രക്കാരൻ