solar
ഓട്ടോകാസ്റ്റ്

ആലപ്പുഴ : വൈദ്യുതി ഉത്പാദനത്തിൽ പുത്തൻ ചുവടുവയ്പുമായി ചേർത്തല ഓട്ടോകാസ്റ്റ്. പൊതുമേഖലയിലെ ആദ്യ രണ്ട് മെഗാവാട്ട് സൗരോർജ്ജ പ്ളാന്റ് വ്യവസായ മേഖലയ്ക്ക് ഉണർവേകും. നാളെ വൈകിട്ട് 5.30ന് മന്ത്രി പി.രാജീവ് പ്ളാന്റ് നാടിന് സമർപ്പിക്കും. യന്ത്രങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദും നിർവഹിക്കും.

25,000 യൂണിറ്റ് വൈദ്യുതിയാണ് ഒരുദിവസം ഓട്ടോകാസ്റ്റിന് വേണ്ടത്. ഇതിന്റെ മൂന്നിലൊന്നായ 8000യൂണിറ്റ് സോളാർ പവർ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കും. ഇതിലൂടെ വൈദ്യുതി ചാർജ് ഇനത്തിൽ ഏകദേശം 10 ലക്ഷം രൂപ ലാഭിക്കാം. നിലവിൽ മാസം 30ലക്ഷം രൂപയാണ് വൈദ്യുതി ചാർജ്. മാത്രമല്ല, പ്രധാന ഉത്പന്നമായ ഇരുമ്പുരുക്ക് കാസ്റ്റിംഗ് നിർമ്മാണത്തിലെ ചെലവ് കുറച്ച് മത്സരക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.

സോളാർ പവർ പ്ലാന്റ്

പ്രതിദിനം ഏകദേശം 8000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് രണ്ട് മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പവർ പ്ലാന്റ്. 10.33 കോടിരൂപ ചെലവഴിച്ച് 8 ഏക്കറിലാണ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

പ്രകൃതി സൗഹൃദം

പ്രതിവർഷം 2500 മെട്രിക് ടൺ കാർബൺഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാം. ഇത് 360വൃക്ഷങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺഡയോക്സൈഡിന് തുല്യമാണ്. മാത്രമല്ല,​ പദ്ധതിചെലവ് 9 വർഷത്തിനുള്ളിൽ തിരികെ കിട്ടുകയും ചെയ്യും.

പുരോഗതിയുടെ പാതയിൽ

ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ട്രെയിനുകളുടെ പ്രധാന യന്ത്രഭാഗമായ കാസ്നബ് ബോഗികൾ നിർമ്മിച്ചു നൽകുന്നതിന് 22 കോടിയോളം രൂപ വിറ്റുവരവുള്ള 762 ഓർഡർ ലഭിച്ചതിൽ 55 എണ്ണം വിതരണം ചെയ്തു. ഈമാസം 5എണ്ണം കൂടി കയറ്റുമതി ചെയ്യും. ലോഹം വാർക്കുമ്പോൾ ലഭിക്കുന്ന സിലിക്ക മണൽ ഉപയോഗിച്ച് ഇഷ്ടിക നിർമ്മാണം ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുമായുള്ള സാങ്കേതിക സഹകരണത്തോടെയാണ് ഇത്. പ്രതിദിനം 500 യൂണിറ്റ് ഉത്പാദനം ഇരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ യന്ത്രത്തിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. പ്രതിമാസം 10ലക്ഷം രൂപ അധികമായി വരുമാനം ഉറപ്പാക്കാൻ പെട്രോൾ പമ്പ് ആരംഭിക്കാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഹ്രസ്വകാല പ്രവർത്തന മൂലധനമായി 5കോടി രൂപ കെ.എസ്.ഐ.ഡി.സി അനുവദിച്ചിട്ടുണ്ട്.

വ്യവസായ മേഖലയ്ക്കൊപ്പം മറ്റ് പദ്ധതികളിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. ഇഷ്ടിക നിർമ്മാണം, പെട്രോൾ പമ്പ് തുടങ്ങിയ അനുബന്ധ പദ്ധതികളിലൂടെയാണ് വരുമാനം ലക്ഷ്യമിടുന്നത്.

- അലക്സ് കണ്ണമല, ചെയർമാൻ, ആട്ടോകാസ്റ്റ്