# ഡിവൈ.എസ്.പി മാരുടെ ഒഴിവുകൾ നികത്തി
ആലപ്പുഴ: ആലപ്പുഴയിലെ ക്രമസമാധാന പാലനത്തിന് ആശ്വാസം. ജില്ലാപൊലീസ് ആസ്ഥാനത്ത് മാസങ്ങളായി ഒഴിഞ്ഞുകിടന്ന ഡിവൈ.എസ്.പി തസ്തികകൾ നികന്നു.
എസ്.പി ഓഫീസിലെ നർക്കോട്ടിക് സെൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തസ്തികളായിരുന്നു കഴിഞ്ഞ മൂന്നുമാസമായി ഒഴിഞ്ഞുകിടന്നത്. കഴിഞ്ഞ ദിവസത്തെ പൊലീസ് അഴിച്ചുപണിയിൽ ഇവിടങ്ങളിൽ നിയമനം നടത്തിയതിനൊപ്പം അഞ്ച് ഡിവൈ.എസ്.പിമാരെ ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുകയുംചെയ്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി രാജീവ് കുമാർ സ്വയം വിരമിക്കുകയും ജില്ലാക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ ദീർഘകാല അവധിയിൽ പ്രവേശിക്കുകയും ചെയ്തതാണ് ജില്ലയിൽ ഡിവൈ.എസ്.പി കസേരകൾ ഒഴിയാൻ കാരണം. ഇതിനിടെ ചേർത്തലയിലേതുൾപ്പെടെ ഡിവൈ.എസ്.പിമാർക്ക് മണ്ഡലകാല ഡ്യൂട്ടികൂടി വന്നതോടെ ക്രമസമാധാന പാലനമുൾപ്പടെ ജോലിഭാരത്തിൽ പൊലീസ് പൊറുതിമുട്ടിയിരിക്കെയാണ് സ്ഥലം മാറ്റ ഉത്തരവുണ്ടായത്. ക്രമസമാധാന പാലനത്തിനൊപ്പം ആലപ്പുഴ ഡിവൈ.എസ്.പിയായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അധികച്ചുമതല വഹിച്ചിരുന്നത്. നർക്കോട്ടിക് സെല്ലിന്റെ അധികച്ചുമതല ഡി.സി ആർ.ബി ഡിവൈ.എസ്.പി സജിമോനായിരുന്നു.
കാര്യങ്ങൾ ഇനി കാര്യക്ഷമം
1. ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ്, ചേർത്തല ഡിവൈ.എസ്.പി പി.വി ബെന്നി, അമ്പലപ്പുഴ ഡിവൈ.എസ്.പി വിജു.വിനായർ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി സാബു എന്നിവർക്കാണ് മാറ്റം
2. വിജയൻ ടി.ബി(ആലപ്പുഴ), അനീഷ് കെ.ജി (അമ്പലപ്പുഴ),രാജ്കുമാർ.ജി(ചെങ്ങന്നൂർ), സനൽകുമാർ .സി.ജി (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്) ആർ. ജോസ്(ജില്ലാ ക്രൈംബ്രാഞ്ച്), ബി. പങ്കജാക്ഷൻ( നർക്കോട്ടിക് സെൽ) എന്നിവരാണ് പുതിയ ഡിവൈ.എസ്.പി മാർ
3. സ്പിരിറ്റുൾപ്പെടെ ലഹരി വസ്തുക്കളുടെ കടത്തും വിൽപ്പനയും വ്യാപകമായ ജില്ലയിൽ മാസങ്ങളായി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കസേരയിൽ ആളില്ലാതിരുന്നത് തടസമായിരുന്നു.ജില്ലാ ക്രൈംബ്രാഞ്ചിലെ കുറ്റാന്വേഷണത്തെയും ഡിവൈ.എസ്.പിയുടെ അഭാവം ബാധിച്ചിരുന്നു.
ജയരാജ് ; നാടിന്റെ ഹൃദയത്തിലിടം
നേടിയ പൊലീസ് ഉദ്യോഗസ്ഥൻ
ആലപ്പുഴ: നാടിനെ നടുക്കിയ കൊലപാതക പരമ്പരകളുടെ അന്വേഷണമുൾപ്പെടെ പഴുതടച്ച ക്രമസമാധാനപാലനത്തിലൂടെ നഗരവാസികളുടെ ഹൃദയത്തിലിടം നേടിയാണ് ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ് ചുമതലയൊഴിയുന്നത്. കന്റോൺമെന്റ് അസി. കമ്മിഷണറായാണ് പുതിയ നിയമനം. ആലപ്പുഴ പട്ടണത്തെ വിറപ്പിച്ച രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിലെ പ്രതികളെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിടികൂടാനും കൊലപാതകം കൂടുതൽ സംഘർഷങ്ങൾക്കിടയാക്കാതെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ പക്വതയാർന്ന പൊലീസിംഗിലൂടെയാണ്. രൺജിത്ത് ശ്രീനിവാസൻ കേസിൽ ദിവസങ്ങൾക്കകം വിധി പ്രസ്താവവും ഷാൻ വധക്കേസിൽ ആലപ്പുഴ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനുമിരിക്കെയാണ് അന്വേഷണത്തലവന്റെ സ്ഥലം മാറ്റം.